| Tuesday, 15th July 2025, 3:11 pm

ക്ലബ്ബ് ലോകകപ്പിനൊപ്പം മറ്റൊരു സ്വപ്‌നവും ഇല്ലാതായി, ചരിത്രമെഴുതാന്‍ പി.എസ്.ജിയില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ യുവേഫ ചാമ്പ്യന്‍സല് ലീഗ് ചാമ്പ്യന്‍മാരായ പി.എസ്.ജിയെ പരാജയപ്പെടുത്തി ചെല്‍സി കിരീമണിഞ്ഞിരുന്നു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലൂസ് വിജയിച്ചുകയറിയത്. കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളും ജാവോ പെഡ്രോയുടെ ഗോളുമാണ് ഫ്രഞ്ച് മോഹങ്ങള്‍ തല്ലിക്കെടുത്തിയത്.

ചെല്‍സിയുടെ രണ്ടാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. 2021ല്‍ ബ്രസീലിയന്‍ ടീമായ പാല്‍മീറസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ചെല്‍സി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഫിഫ ലോകകപ്പ് സ്വന്തമാക്കിയത്.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ചെല്‍സിക്ക് മുമ്പില്‍ ക്ലബ്ബ് വേള്‍ഡ് കപ്പ് അടിയറവ് വെച്ചതോടെ ഒരു ചരിത്രനേട്ടവും പി.എസ്.ജിക്ക് നഷ്ടപ്പെട്ടു. സെക്സ്റ്റപ്പിള്‍ കീരടം നേടാനുള്ള ചരിത്ര നേട്ടമാണ് പി.എസ്.ജിക്ക് ഇതോടെ നഷ്ടപ്പെട്ടത്.

ഒരു സീസണില്‍ സാധ്യമായ ആറ് കിരീടങ്ങളും സ്വന്തമാക്കുന്നതിനെയാണ് സെക്‌സ്റ്റപ്പിള്‍ നേട്ടമെന്ന് വിളിക്കുന്നത്. ലീഗ് കിരീടം, ലീഗ് കപ്പ്, ലീഗ് സൂപ്പര്‍ കപ്പ് എന്നീ മൂന്ന് ഡൊമസ്റ്റിക് കിരീടങ്ങള്‍ക്ക് മുറമെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ രണ്ട് യൂറോപ്യന്‍ കിരിടങ്ങളും ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയാലാണ് സെക്സ്റ്റപ്പിള്‍ നേട്ടം പൂര്‍ത്തിയാവുക.

ചരിത്രത്തില്‍ രണ്ടേ രണ്ട് ക്ലബ്ബ് മാത്രമാണ് ഇക്കാലമത്രയും സെക്‌സറ്റപ്പിള്‍ സ്വന്തമാക്കിയത്. 2009ല്‍ ബാഴ്‌സലോണയും 2020ല്‍ ബയേണ്‍ മ്യൂണിക്കും.

ഈ നേട്ടത്തിലെത്താന്‍ പി.എസ്.ജിക്ക് മുമ്പില്‍ അവസരമുണ്ടായിരുന്നു. ആറില്‍ നാല് കിരീടങ്ങളും ക്ലബ്ബ് വേള്‍ഡ് കപ്പിന് മുമ്പ് തന്നെ പി.എസ്.ജി നേടിക്കഴിഞ്ഞിരുന്നു. ഓഗസ്റ്റില്‍ മറ്റൊരു കിരീടപ്പോരാട്ടവും ടീമിനെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ക്ലബ്ബ് വേള്‍ഡ് കപ്പ് നഷ്ടപ്പെട്ടതോടെ ഐക്കോണിക് സെക്‌സിറ്റിപ്പിള്‍ എന്ന റെക്കോഡാണ് ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ക്ക് നഷ്ടമായി.

യുവേഫ ചാമ്പ്യന്‍സ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ് എന്നിവയാണ് പി.എസ്.ജി ഇതിനോടകം സ്വന്തമാക്കിയത്.

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തിയാണ് പി.എസ്.ജി യു.സി.എല്‍ കിരീടമണിഞ്ഞത്. എതിരില്ലാത്ത അഞ്ച് ഗോളിനാണ് പാരീസിയന്‍സ് തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കീരടം സ്വന്തമാക്കിയത്.

ലീഗ് വണ്ണില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍മാരായ പി.എസ്.ജി മൊണാക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് സൂപ്പര്‍ കപ്പും റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രഞ്ച് കപ്പും സ്വന്തമാക്കി ഡൊമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇനി യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടമാണ് പി.എസ്.ജിക്ക് മുമ്പിലുള്ളത്. യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരായ സണ്‍ ഹ്യൂങ് മിന്നിന്റെ ടോട്ടന്‍ഹാം ഹോട്‌സ്പറാണ് എതിരാളികള്‍. ഓഗസ്റ്റ് 14ന് നടക്കുന്ന മത്സരത്തിന് സ്‌റ്റേഡിയോ ഫ്രിയൂലിയാണ് വേദിയാകുന്നത്.

Content highlight: PSG fails to complete sextuple achievement

We use cookies to give you the best possible experience. Learn more