| Monday, 18th August 2025, 12:06 pm

ചാമ്പ്യന്മാര്‍ക്ക് ആവേശതുടക്കം: ഒറ്റ ഗോളില്‍ കരുത്ത് കാട്ടി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജര്‍മന് (പി.എസ്.ജി) വിജയത്തുടക്കം. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എഫ്.സി നാന്റസിനെ തകര്‍ത്താണ് പി.എസ്.ജി കരുത്ത് കാട്ടിയത്. രണ്ടാം പകുതിയില്‍ നേടിയ ഒറ്റ ഗോളിന്റെ കരുത്തിലാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചത്.

മത്സരത്തില്‍ പി.എസ്.ജിയുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ആരാധകര്‍ സാക്ഷിയായത്. സൂപ്പര്‍ കപ്പ് നേടിയ ടീമില്‍ ഏഴ് മാറ്റങ്ങള്‍ വരുത്തിയാണ് ലൂയിസ് എന് റിക്വ് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. കളി തുടങ്ങി ആദ്യ നിമിഷം മുതല്‍ തന്നെ ദി പാരീസിയന്‍സ് മുന്നേറ്റങ്ങളുമായി നാന്റസിന്റെ ഹാഫിലേക്ക് ഇരച്ചു കയറി.

ചാമ്പ്യന്മാരുടെ ആക്രമണത്തില്‍ മുമ്പില്‍ പലപ്പോഴും നാന്റസിന്റെ പ്രതിരോധം പാളി. അതോടെ ടീം ഒന്നാകെ സമ്മര്‍ദത്തിലായി. എങ്കിലും ഗോള്‍ വഴങ്ങാതെ അവര്‍ പിടിച്ചു നിന്നു. ഇരു ടീമുകളും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നാം പകുതി സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതി ഇരു കൂട്ടരും മാറ്റങ്ങള്‍ നടത്തിയാണ് തുടങ്ങിയത്. അതോടെ മത്സരം ഒന്ന് കൂടെ ആവേശഭരിതമായി. അത് പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ കാത്തിരുന്ന ഗോളുമെത്തി. 67ാം മിനിട്ടിലായിരുന്നു കളിയുടെ ഗതി മാറ്റിയ ഗോളെത്തിയത്.

വിറ്റിന്‍ഹയായിരുന്നു പി.എസ്.ജിക്കായി വല കുലുക്കിയത്. ന്യൂനോ മെന്‍ഡസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ലീഡ് നേടിയെങ്കിലും പി.എസ്.ജി തങ്ങളുടെ മുന്നേറ്റങ്ങള്‍ നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല. വീണ്ടും താരങ്ങള്‍ പലപ്പോഴായി നാന്റസിന്റെ പോസ്റ്റിന് മുമ്പിലെത്തി.

അത്തരമൊരു മുന്നേറ്റത്തിന് ഒടുവില്‍ 77ാം മിനിട്ടില്‍ റാമോസ് പന്ത് വലയിലെത്തിച്ചു. പി.എസ്.ജി താരങ്ങള്‍ ആഘോഷിക്കവേ റഫറി വാര്‍ പരിശോധനയിലൂടെ ഗോള്‍ അസാധുവാക്കി. പിന്നീടും മറ്റൊരു ഗോളിനായി ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്‌കോര്‍ ബോര്‍ഡിന് മാറ്റമൊന്നും സംഭവിച്ചില്ല. ഒടുവില്‍ പി.എസ്.ജിയ്ക്ക് വിജയമുറപ്പിച്ച് റഫറി ഫൈനല്‍ വിസില്‍ ഊതി.

Content Highlight: PSG defeated Nantes Fc in Ligue one

We use cookies to give you the best possible experience. Learn more