| Thursday, 13th August 2026, 5:48 pm

ഇതിഹാസം വീണു, മുന്നില്‍ മെസി മാത്രം; ചരിത്രമെഴുതി പാരീസ് നായകന്‍

സുദേവ് എ

യുവേഫ സൂപ്പര്‍ കപ്പ് നിലനിര്‍ത്തിയിരിക്കുകയാണ് നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെര്‍മെയ്ന്‍. സാല്‍സ്ബെര്‍ഗിലെ റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ യുവേഫ യൂറോപ്പ ചാമ്പ്യന്‍മാരായ ആസ്റ്റണ്‍ വില്ലയെ വീഴ്ത്തിയാണ് പി.എസ്.ജി കിരീടം ചൂടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ വിജയം.

ഈ കിരീടത്തോടെ ഒരു സീസണില്‍ ആറ് കിരീടങ്ങളെന്ന സെക്സ്റ്റപ്പിള്‍ നേട്ടത്തിലും പി.എസ്.ജിയെത്തി. ലീഗ് വണ്ണിന് പുറമെ ഫ്രഞ്ച് കപ്പും ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടി ഡൊമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയ പി.എസ്.ജി, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് എന്നിവയും നേരത്തെ സ്വന്തമാക്കിയിരുന്നു.

മറ്റൊരു കിരീടം കൂടി നേടിയതോടെ പാരീസ് നായകന്‍ മാര്‍ക്വീഞ്ഞോസ് ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. ഫുട്‌ബോളില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായാണ് ബ്രസീലിയന്‍ താരം മാറിയത്.  42ാം കിരീടമാണ് മാര്‍ക്വീനസ് തന്റെ അക്കൗണ്ടിലെത്തിച്ചത്.

മുന്‍ ബ്രസീലിയന്‍ താരം ഡാനി അല്‍വസിനെ മറികടന്നാണ് പി.എസ്.ജി ക്യാപ്റ്റന്‍ രണ്ടാമനായത്. മാര്‍ക്വീഞ്ഞോസിന്റെ മുന്നില്‍ ഇനി അര്‍ജന്റൈന്‍ ഇതിഹാസം മെസി മാത്രമാണുള്ളത്. 46 കിരീടങ്ങളാണ് മെസി സ്വന്തമാക്കിയത്.

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരം, രാജ്യം, കിരീടങ്ങളുടെ എണ്ണം

ലയണല്‍ മെസി-അര്‍ജന്റീന-46

മാര്‍ക്വിഞ്ഞോസ്-ബ്രസീല്‍-42

ഡാനി ആല്‍വേസ് -ബ്രസീല്‍-41

ബദര്‍ അല്‍ മുതവാ-കുവൈത്ത്-40

ഹൊസ്സം അഷൗര്‍-ഈജിപ്ത്-39

സെര്‍ജിയോ ബസ്‌ക്വറ്റ്സ്-സ്പെയ്ന്‍-38

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-പോര്‍ച്ചുഗല്‍-37

മാക്‌സ്വെല്‍-ബ്രസീല്‍-37

ഹൊസ്സം ഹസ്സന്‍-ഈജിപ്ത്-37

തോമസ് മുള്ളര്‍-ജര്‍മനി-36

മാനുല്‍ ന്യൂയര്‍-ജര്‍മനി-36

ആന്ദ്രേ ഇനിയേസ്റ്റ-സ്പെയ്ന്‍-36

ജെറാര്‍ഡ് പിക്വസ്പെയ്ന്‍-36

ഡേവിഡ് അലാബ-ഓസ്ട്രിയ-36

കരിം ബെന്‍സിമ-ഫ്രാന്‍സ്-36

റയാന്‍ ഗിഗ്‌സ്-വെയ്ല്‍സ്-36

അതേസമയം മത്സരത്തില്‍ വമ്പന്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് പി.എസ്.ജി കിരീടം നിലനിര്‍ത്തിയത്. ടീമിനായ ക്വിച്ച ക്വാരത്ഷെലിയയും ഡിസൈര്‍ ഡുവോയും ഗോള്‍ നേടിയപ്പോള്‍ ബ്രയന്‍ മാഡ്ജോയാണ് വില്ലന്‍സിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

സെക്സ്റ്റപ്പിള്‍ കിരീട നേട്ടത്തിന്റെ തലയെടുപ്പോടെയാണ് പി.എസ്.ജി പുതിയ സീസണിനിറങ്ങുന്നത്. ഓഗസ്റ്റ് 22നാണ് ലീഗ് വണ്ണിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 24നാണ് പി.എസ്.ജി തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സസില്‍ നടക്കുന്ന പോരാട്ടത്തില്‍ റെന്നെസാണ് എതിരാളികള്‍.

Content Highlight: PSG captain Marquinhos create a historical record in football

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more