| Monday, 17th August 2015, 2:26 pm

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജോലി ഉറപ്പാക്കിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 1000 രൂപ വീതം വെരിഫിക്കേഷന്‍ ഫീസ് ഈടാക്കാന്‍ പി.എസ്.സി തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറി കടക്കാനാണ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ പുതിയ തീരുമാനം. ഇത് കൂടാതെ പരീക്ഷ നടത്തിപ്പിന്റെ ചിലവ് നിയന്ത്രിക്കാന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്പ് പരീക്ഷയും മറ്റും നടത്തുന്നതിന് വലിയൊരു തുക ചെലവ് വരുന്നുണ്ട്. ഇതൊഴിവാക്കാനാണ്  പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത് നിറുത്തിവയ്ക്കുന്നത്.

ഒരു ഹാളില്‍ പരീക്ഷയെഴുതാന്‍ 20 വിദ്യാര്‍ത്ഥികളെന്നത് 30 ആക്കാന്‍ തീരുമാനമായിട്ടുണ്ട്. പി.എസ്.സി നിയമനങ്ങള്‍ക്ക് കായിക ക്ഷമതാ പരീക്ഷ നടത്തുന്ന മൈതാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും പി.എസ്.സി യോഗം തീരുമാനിച്ചു.

പ്ലാന്‍ ഫണ്ടില്‍ നിന്നല്ലാതെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more