| Wednesday, 5th September 2018, 1:42 pm

മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായാല്‍ സന്തോഷം; വീണുകിട്ടുന്ന അവസരങ്ങള്‍ക്ക് കാത്തിരുന്ന് കരുക്കള്‍ നീക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോഹന്‍ലാല്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായാല്‍ സന്തോഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി വിവരമൊന്നുമില്ല. മോഹന്‍ലാലിനെപ്പോലൊരാള്‍ സ്ഥാനാര്‍ത്ഥിയായി വരികയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. നിലവില്‍ അത്തരം ആലോചനകളൊന്നും പാര്‍ട്ടിയില്‍ വന്നതായി അറിവില്ല.

വീണുകിട്ടുന്ന അവസരങ്ങള്‍ക്ക് കാത്തിരുന്ന് കരുക്കള്‍ നീക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.


മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍


തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുന്നത് അറിഞ്ഞിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്.

താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്‌സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

“മുമ്പ് മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ട്.”

വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മോദി-മോഹന്‍ലാല്‍ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ താരം രാഷ്ട്രീയത്തിലിറങ്ങാന്‍ പോകുകയാണെന്നും ബി.ജെ.പി ടിക്കറ്റില്‍ ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്നും ദേശീയ മാധ്യമത്തില്‍ വാര്‍ത്തയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more