| Friday, 13th February 2026, 4:02 pm

അയ്യപ്പ സംഗമത്തിന് ചെലവായത് സ്പോണ്‍സര്‍ഷിപ്പായി കിട്ടിയ മൂന്ന് കോടി മാത്രം: പി.എസ് പ്രശാന്ത്

അനിത സി

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ ധൂര്‍ത്ത് നടന്നെന്ന തരത്തില്‍ പ്രചാരിക്കുന്ന വാര്‍ത്തകളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം വകുപ്പ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്.

ആഗോള അയ്യപ്പ സംഗമത്തിന് മൂന്ന് കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് ചെലവായതെന്നും ആ പണം മുഴുവന്‍ സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചതെന്നുമാണ് പി.എസ്. പ്രശാന്തിന്റെ വിശദീകരണം.

2025 നവംബറില്‍ ദേവസ്വം കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 4.5 കോടി രൂപയും ജി.എസ്.ടിയുമാണ് ചെലവായി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. പത്ത് കോടി രൂപ ചെലവിട്ടുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പി.എസ് . പ്രശാന്തിന്റെ വിശദീകരണം.

‘മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ ‘എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ സംഘാടനത്തിന് വേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്പോണ്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 2025 ഒക്ടോബര്‍ 17ന് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചെലവഴിച്ചിട്ടില്ലെന്നും മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചു.

അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി ന്നെത് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നന്ദഗോവിന്ദം ഭജന്‍സിന് പരിപാടി നടത്താനായി എട്ട് ലക്ഷം രൂപ കൊടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. അയ്യപ്പ സംഗമത്തില്‍ പരിപാടി അവതരിപ്പിച്ചത് ഗായകന്‍ ഇഷാനും സംഘവുമായിരുന്നു.

ഇതോടെ നടത്താത്ത പരിപാടിക്ക് ബില്ലെഴുതി പണം തട്ടിയെന്ന രീതിയിലുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാല്‍, പരിപാടി നടത്താനായി സമര്‍പ്പിച്ച പ്രൊപ്പോസലിലാണ് നന്ദഗോവിന്ദം ഭജന്‍സ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും സമാനമായി കെ.ജെ. യേശുദാസിന്റെ പേരുള്‍പ്പടെ പ്രൊപ്പോസലിലുണ്ടായിരുന്നു എന്നും ഇതാണ് ബില്ലെഴുതി പണമെടുത്തെന്ന രീതിയില്‍ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: PS Prasanth’s Fb post about Ayyappa Sangamam controversies

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more