ഭാഷാതിര്‍ത്തികള്‍ കടന്ന് മലയാള സിനിമയും മോളിവുഡിലെ താരങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയാവുന്ന സമയമാണിത്. ഗംഭീര കണ്ടന്റുകളും അതിനൊത്ത പെര്‍ഫോമന്‍സുകളുമെല്ലാം കേരളത്തിന് പുറത്തും ശ്രദ്ധ നേടുന്നുണ്ട്. കേരളത്തിന് പുറത്ത് വലിയ റീച്ചുള്ള താരങ്ങളില്‍ ചിലരാണ് ഫഹദ്, നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവര്‍.
ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഈ താരങ്ങള്‍ അന്യഭാഷയിലും തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പൃഥ്വിരാജാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ടിട്ടുള്ളത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും മാത്രം ഫഹദ് സാന്നിധ്യമറിയിച്ചപ്പോള്‍ നിവിനാകട്ടെ തമിഴില്‍ മാത്രമേ സിനിമകള്‍ ചെയ്തിട്ടുള്ളൂ.
എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരും അന്യഭാഷയില്‍ ചെയ്ത സിനിമകള്‍ ബോക്‌സ് ഓഫീസില്‍ നിലംതൊടാതെ പോയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ ദായ്‌റ, നിവിന്റെ യേഴ് കടല്‍ യേഴ് മലൈ, ഫഹദിന്റെ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞത്.
ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ മേഘ്‌ന ഗുല്‍സാറാണ് ദായ്‌റ അണിയിച്ചൊരുക്കിയത്. പൃഥ്വിക്കൊപ്പം കരീന കപൂറും പ്രധാനവേഷം കൈകാര്യം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിലംതൊട്ടില്ല. 60 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആകെ നേടിയത് വെറും 12 കോടിയാണ്. ബോളിവുഡില്‍ പൃഥ്വിയുടെ ഫ്‌ളോപ്പ് സ്ട്രീക്ക് ദായ്‌റയിലൂടെ തുടര്‍ന്നു.
ബോക്‌സ് ഓഫീസില്‍ 300 കോടി നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന് ശേഷം നിവിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു യേഴ് കടല്‍ യേഴ് മലൈ. ഷൂട്ട് പൂര്‍ത്തിയായിട്ടും രണ്ട് വര്‍ഷത്തിലേറെയായി പെട്ടിയില്‍ കിടന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. മൂന്ന് ദിവസം ആകെ 1.2 കോടി മാത്രമാണ് യേഴ് കടല്‍ യേഴ് മലൈ നേടിയത്.
തെലുങ്കില്‍ ഫഹദ് ഫാസില്‍ ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. രാജമൗലി നിര്‍മിച്ച ചിത്രത്തിന് വലിയ പ്രൊമോഷനായിരുന്നു അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ഫാന്റസി ഴോണറിലൊരുങ്ങിയ ചിത്രം പ്രേക്ഷകരില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാതെ പോയി. അന്യഭാഷയില്‍ ഫ്‌ളോപ്പ് നല്‍കിയ ഈ മൂന്ന് താരങ്ങളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
Content Highlight: Prtihviraj Fahadh Faasil and Nivin’s other language movies became flop