| Wednesday, 7th May 2025, 3:49 pm

രാജ്യത്തെ സായുധ സേനയില്‍ അഭിമാനിക്കുന്നു; ഓപ്പറേഷനില്‍ സിന്ദൂറില്‍ രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ സിന്ദൂറിനെയാണ് രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ പ്രശംസിച്ചത്. നമ്മുടെ സായുധ സേനയില്‍ അഭിമാനിക്കുന്നുവെന്നും ജയ്ഹിന്ദ് എന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.

കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, പവന്‍ ഖേര തുടങ്ങി പല നേതാക്കളും ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ചും പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ സായുധ സേനയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മുന്‍ കാലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ കാണിച്ചു തന്ന പോലെ ദേശീയ താത്പര്യമാണ് പ്രധാനമെന്നും എക്‌സില്‍ കുറിച്ച പോസ്റ്റില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കിയിരുന്നു.

ഖാര്‍ഗെക്ക് പിന്നാലെ സായുധ സേനയ്ക്ക് കോണ്‍ഗ്രസിന്റെ ഉറച്ച പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദത്തിന്റെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതും എല്ലായ്‌പ്പോഴും പരമോന്നത ദേശീയ താല്‍പ്പര്യത്തില്‍ ഉറച്ചതുമായിരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

സൈന്യത്തിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി നടത്തിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമായി കരുതുന്നുവെന്നും തുടക്കം നന്നായിരിക്കുന്നുവെന്നും ഇനിയും തുടര്‍ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എ.കെ ആന്റണി പറഞ്ഞു.

ജയ്ഷ് ഇ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പൂരിലും ലഷ്‌കര്‍ ഇ ത്വയ്ബയുടെ താവളമായ മുരിദ്‌കെയിലടക്കമാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. ഇതിന് പിന്നാലെയാണ് സൈന്യത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വിവരം.

ആക്രമണത്തില്‍ 80 ഭീകരര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. മൂന്ന് സായുധ സേനകളുടെ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Proud of the country’s armed forces; Rahul Gandhi in Sindoor during Operation

We use cookies to give you the best possible experience. Learn more