| Monday, 27th July 2026, 11:06 am

ഇന്ത്യന്‍ യുവതയില്‍ അഭിമാനം; സി.ജെ.പിക്ക് പിന്തുണയറിയിച്ച് എസ്.എഫ്.ഐ ലണ്ടന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ഗ്രെറ്റ തെന്‍ബര്‍ഗ്

നിഷാന. വി.വി

പാരീസ്: ലണ്ടനില്‍ എസ്.എഫ്.ഐ യു.കെ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സി.ജെ.പി പ്രതിഷേധത്തിന് രാജ്യാന്തര പിന്തുണ നല്‍കാനായി എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിലാണ് തെന്‍ബര്‍ഗ് പങ്കെടുത്തത്.

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ സമരം ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് അഭിമാനവും പ്രതിക്ഷയും നല്‍കുന്നതാണെന്ന് അവര്‍ പറഞ്ഞു. ജനാധിപത്യത്തിനും നീതിക്കുമായുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പോരാട്ടം തങ്ങളുടെത് കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നമ്മളെയെല്ലാം അഭിമാനഭരിതരാക്കി. അവര്‍ നമുക്ക് പ്രതീക്ഷകള്‍ നല്‍കി. ആളുകള്‍ ഒത്തുചേര്‍ന്ന് ചെറുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് എന്ത് നേടാന്‍ കഴിയുമെന്ന് അവര്‍ കാണിച്ച് തന്നു,’ ഗ്രെറ്റ പറഞ്ഞു.

ഈ പ്രതിഷേധ സംഗമത്തിലൂടെ ഇന്ത്യയിലെ യുവതയ്‌ക്കൊപ്പാണ് ലോകരാജ്യങ്ങള്‍ എന്ന് നാം തെളിയിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യയിലെ പൊരുതുന്ന ജനതയ്‌ക്കൊപ്പം നമ്മളും നിലക്കൊള്ളണം. നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്, നന്ദി,’ ഗ്രെറ്റ പറഞ്ഞു.

സി.ജെ.പി നേതൃത്വത്തിലുള്ള സമരം വിജയിച്ചതിനേയും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെയും എസ്.എഫ്.ഐ യു.കെ അഭിവാദ്യം ചെയ്തു. പോരാട്ടം വളരെ പ്രചോദനകരവും ധീരവുമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്കെതിരായ ക്രൂരമായ പൊലീസ് നടപടിയിലും നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജീവന്‍ നഷ്ടപ്പെട്ട 21 വിദ്യാര്‍ത്ഥികളെ ഓര്‍ത്തും തങ്ങള്‍ ദുഖിക്കുന്നുവെന്നും എസ്.എഫ്.ഐ യു.കെ പ്രസ്താവനയില്‍ പറഞ്ഞു. 36 ദിവസത്തെ സി.ജെ.പി പ്രതിഷേധത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്.

Content Highlight: Proud of India’s youth; Greta Thunberg attended an event organized by SFI London to express support for the CJP.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more