പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ നയങ്ങളെയും വിമര്‍ശിച്ചതിന്റെ പേരില്‍ കഴിഞ്ഞദിവസമാണ് മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളുടെ സംവാദ കൂട്ടായ്മ നിരോധിച്ചത്. അജ്ഞാതനായ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാനവവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
കേന്ദ്രസര്‍ക്കാറിന്റെ നടപടി ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണെന്നവാദവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കൂടാതെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വീടിനു പുറത്ത് പ്രകടനം നടത്തുകയും ചെയ്തിരുന്നു.
സംഭവം വിവാദമായിട്ടും സ്മൃതി ഇറാനി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ എന്ന സംവാദ കൂട്ടായ്മ നിരോധിച്ചത് മദ്രാസ് ഐ.ഐ.ടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഐ.ഐ.ടിയുടെ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് നടപടിയെന്നും അവര്‍ വിശദീകരിക്കുന്നു.
ഈ തീരുമാനത്തില്‍ സര്‍ക്കാറിനു യാതൊരു പങ്കുമില്ലെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി സത്യ എന്‍ മൊഹന്തി പറയുന്നത്. അജ്ഞാതന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. മന്ത്രാലയം യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഐ.ഐ.ടി സ്വതന്ത്ര സ്ഥാപനമാണെന്നും അവരുടെ പ്രവര്‍ത്തനത്തില്‍ മന്ത്രാലയത്തിനു ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.