റോം: ഗസയിലെ വംശഹത്യയെ തുടർന്ന് ഇറ്റാലിയൻ സൈക്കിളിങ് മത്സരത്തിൽ നിന്നും ഇസ്രഈൽ ടീമിനെ പുറത്താക്കി. പൊതുസുരക്ഷയിലുള്ള ആശങ്കകൾ കാരണമാണ് ഇറ്റലിയിലെ വരാനിരിക്കുന്ന ജിറോ ഡെൽ എമിലിയ സൈക്കിളിങ് മത്സരത്തിൽ നിന്നും ഇസ്രഈൽ പ്രീമിയർ ടെക് സൈക്കിളിങ് ടീമിനെ ഒഴിവാക്കിയതെന്ന് സംഘാടകർ പറഞ്ഞു. ഇസ്രഈൽ ടീമിന്റെ പങ്കാളിത്തം കാരണം മത്സരം തടസപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
‘ഫൈനൽ സെർക്യൂട്ടിന്റെ സവിശേഷതകളുടെയും സമീപകാല സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ എല്ലാ അത്‌ലറ്റുകളുടെയും സാങ്കേതിക ജീവനക്കാരുടെയും കാണികളുടെയും സുരക്ഷയെ മുൻനിർത്തി ഈ വർഷം ടീമിനെ ഒഴിവാക്കിയതിൽ ഖേദമുണ്ട്,’ ജിറോ ഡെൽ എമിലിയയുടെ സംഘാടകനായ അഡ്രിയാനോ അമിസി പറഞ്ഞു.
പൊതുസുരക്ഷയെ കരുതിയാണ് തങ്ങൾക്ക് തീരുമാനം എടുക്കേണ്ടി വന്നതെന്നും മത്സരത്തിന്റെ അവസാന സെർക്യൂട്ട് അഞ്ച് തവണ ഓടുന്നതിനാൽ മത്സരം തടസപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അമിസി റോയിട്ടേഴ്സിനോട് പറഞ്ഞു.
അതേസമയം ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ ട്രേഡ് യൂണിയൻ രാജ്യ വ്യാപക പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിൽ ഇറ്റാലിയൻ നഗരത്തിലെ മിലാനിൽ പൊലീസും ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരും ഏറ്റുമുട്ടി.
ബൊളോനയിലെ പ്രാദേശിക സർക്കാർ ഇസ്രഈൽ പ്രീമിയർ ടെക്കിനെ മത്സരത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സ്പോർട്സ് കൗൺസിലറായ റോബർട്ട ലി കാൽസിയും തീരുമാനത്തെ അനുകൂലിച്ചു.
സ്‌പെയിനിലെ വൂൾട്ട സൈക്കിളിങ് ഫിനാലെയും ഇസ്രഈൽ കാരണം മുടങ്ങിയിരുന്നു. മത്സരത്തിൽ ഇസ്രഈലിന്റെ പങ്കാളിത്തം തടയുന്നതിനായി സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടന്നിരുന്നു.
ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയെ തുടർന്ന് ആഗോള കായിക, സംഗീത പരിപാടികളിൽ നിന്നും മത്സരങ്ങളിൽ നിന്നും ഇസ്രഈലിനെ ഒഴിവാക്കണമെന്ന ആവശ്യം വർധിച്ചു വരികയാണ്.
ഗസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര ആഹ്വാനങ്ങൾ അവഗണിക്കുന്ന ഇസ്രഈലിനുമേൽ എല്ലാ മേഖലകളിലും സമ്മർദം വർധിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlight: Protests intensify; Israeli team expelled from cycling competition in Italy