| Thursday, 23rd October 2025, 10:39 pm

പിണറായിക്ക് ബി.ജെ.പി ശ്രീയും സി.പി.ഐ അശ്രീകരവും ആയി; സർക്കാരിനെതിരെ സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എതിര്‍പ്പുകളെ അവഗണിച്ച് പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനെ പിന്നാലെ പ്രതിഷേധം ശക്തമാകുന്നു.

പിണറായിക്ക് ബി.ജെ.പി ശ്രീയും സി.പി.ഐ അശ്രീകരവും ആയിരിക്കുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. ആട്ടും തുപ്പും സഹിച്ച് ഇടത് കൂടാരത്തില്‍ തുടരണോ എന്ന് സി.പി.ഐക്കാര്‍ ചിന്തിക്കട്ടെ എന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ആ പാര്‍ട്ടിക്ക് സി.പി.ഐ.എമ്മുമായുള്ള സഖ്യത്തില്‍ നിന്ന് പുറത്ത് നിന്നപ്പോള്‍ മാത്രമാണ് മേല്‍വിലാസമുണ്ടായിട്ടുള്ളതെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് ഘടകക്ഷിയായ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസും സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തി.

‘നമ്മെ വഞ്ചിച്ച് അവസാനം അവര്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചിരിക്കുന്നു. കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ല! അഴിമതിയില്‍ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ പിണറായി വിജയന് മുന്നില്‍ കോമഡി കഥാപത്രങ്ങളായി സി.പി.ഐ മാത്രമല്ല കൂട്ടിന് എസ്.എഫ്.ഐയുമുണ്ട്,’ പി.കെ. നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ആര്‍.എസ്.എസ് ഡീലിന് മുന്നില്‍ കുറ്റകരമായ മൗനമാണ് എസ്.എഫ്.ഐ ആചരിക്കുന്നതെന്നും നവാസ് പറഞ്ഞു. കേരള വിദ്യാര്‍ത്ഥി സമൂഹം നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിദ്യാലയങ്ങളെ ആര്‍.എസ്.എസ് ഓഫീസുകളാക്കാന്‍ തീറെഴുതികൊടുത്ത പിണറായി സര്‍ക്കാര്‍, ഈ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകണമെന്നും പി.കെ. നവാസ് ആവശ്യപ്പെട്ടു.

നാളെ (24/10/2025, വെള്ളി) പഞ്ചായത്ത് ക്യാമ്പസ് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്നും പി.കെ. നവാസ് അറിയിച്ചു.

Content Highlight: Protests intensify after kerala government signs PM Shri scheme

We use cookies to give you the best possible experience. Learn more