നൂക്ക്: ഗ്രീന്‍ലാന്‍ഡ് ദ്വീപിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ ഡെന്മാര്‍ക്കിലും ഗ്രീന്‍ലാന്‍ഡിലും ജനരോഷം രൂക്ഷം. ശനിയാഴ്ച ‘ഹാന്‍ഡ്സ് ഓഫ് ഗ്രീന്‍ലാന്‍ഡ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആയിരങ്ങള്‍ തെരുവിലിറങ്ങി.
ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ഇരുപതിനായിരത്തോളം പേര്‍ സിറ്റി ഹാള്‍ സ്‌ക്വയറില്‍ നിന്ന് യു.എസ്. എംബസിയിലേക്ക് മാര്‍ച്ച് നടത്തി. ഗ്രീന്‍ലാന്‍ഡിന്റെ തലസ്ഥാനമായ നൂക്കിലെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗം ജനങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ചുവന്ന നിറത്തിലുള്ള പതാകകള്‍ ഉയര്‍ത്തിയും ‘മെയ്ക്ക് അമേരിക്ക ഗോ എവേ’ എന്ന തൊപ്പികള്‍ ധരിച്ചുമാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
ഗ്രീന്‍ലാന്‍ഡ് വിട്ടുതന്നില്ലെങ്കില്‍ ഡെന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള എട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി മുതല്‍ 10% അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തീരുവ ജൂണ്‍ മാസത്തോടു കൂടി 25% ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെയും ചൈനയുടെയും ഭീഷണിയില്‍ നിന്നും അമേരിക്കയ്ക്ക് മാത്രമേ ഗ്രീന്‍ലാന്‍ഡിനെ രക്ഷിക്കാന്‍ കഴിയൂ എന്ന വാദമാണ് ട്രംപ് നിരന്തരമായി ഉയര്‍ത്തുന്നത്.
ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല എന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ ആവര്‍ത്തിച്ചു. തങ്ങള്‍ അമേരിക്കക്കാരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം ഭാവി തീരുമാനിക്കാന്‍ ഗ്രീന്‍ലാന്‍ഡ് ജനതയ്ക്ക് അവകാശമുണ്ടെന്നും ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ മുന്നേ വ്യക്തമാക്കിയിട്ടുണ്ട്.
content highlight: Protests in Greenland and Denmark against Trump plans