ലാ പാസ്: ഡീസൽ വിലവർധനവ്, പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ, തൊഴിൽ-ഖനന നിയമങ്ങളിലെ നിർദ്ദിഷ്ട ഭേദഗതികൾ എന്നിവയ്ക്കെതിരെ ബൊളീവിയയിൽ ജനകീയ പ്രക്ഷോഭം. തൊഴിലാളികളുടെ അവകാശങ്ങളും പൊതുസേവനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബൊളീവിയൻ വർക്കേഴ്സ് സെന്ററിന്റെ (സി.ഒ.ബി) നേതൃത്വത്തിൽ നവംബർ 27-ന് നടന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നു.
‘ഗ്രേറ്റ് പീസ്ഫുൾ നാഷണൽ മാർച്ച്’ എന്ന പേരിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് സി.ഒ.ബി എക്സിക്യൂട്ടീവ് സെക്രട്ടറി മാരിയോ അർഗോളോ നേതൃത്വം നൽകി. ഖനിത്തൊഴിലാളികൾ, നഗര-ഗ്രാമീണ മേഖലകളിലെ അധ്യാപകർ, ഫാക്ടറി തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, കർഷകർ, കൊക്ക കർഷക സംഘടനകൾ തുടങ്ങിയവർ തെരുവിലിറങ്ങി.
തലസ്ഥാനമായ ലാ പാസിന് പുറമെ എൽ ആൾട്ടോ, കൊച്ചബാംബ, സാന്താക്രൂസ് തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രതിഷേധ മാർച്ചുകൾ അരങ്ങേറി. പ്രസിഡന്റ് റോഡ്രിഗോ പാസിന്റെ സാമ്പത്തിക-ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള ജനരോഷമാണ് തെരുവുകളിൽ പ്രതിഫലിച്ചത്.
നവംബർ 27-ലെ പ്രക്ഷോഭത്തിൽ ഏറ്റവും ശക്തമായ സാന്നിധ്യമായത് ഖനിത്തൊഴിലാളികളും അധ്യാപകരുമായിരുന്നു. ട്രേഡ് യൂണിയൻ ഫെഡറേഷൻ ഓഫ് ബൊളീവിയൻ മൈൻ വർക്കേഴ്സ്, നാഷണൽ ഫെഡറേഷൻ ഓഫ് മൈനിംഗ് കോഓപ്പറേറ്റീവ്സ് എന്നീ സംഘടനകൾ ഡീസൽ വില വർധിപ്പിച്ചുകൊണ്ടുള്ള ‘സുപ്രീം ഡിക്രി 5716’ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ധനവില കൂടുന്നത് ഖനന മേഖലയെയും ചരക്കുഗതാഗതത്തെയും സാധാരണക്കാരുടെ ഉപജീവനമാർഗത്തെയും നേരിട്ട് ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, സാങ്കേതിക- കലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരെ ഒക്ടോബർ മുതൽ അധ്യാപകർ സമരരംഗത്താണ്.
ഈ വികേന്ദ്രീകരണ നീക്കം പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുമെന്നും, പ്രാദേശിക ഭരണകൂടങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മൂലം അധ്യാപകരുടെ ശമ്പള വിതരണവും സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികളും അവതാളത്തിലാകുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനോടകം തന്നെ രാജ്യവ്യാപക പണിമുടക്കുകളും നിരാഹാര സമരങ്ങളും അധ്യാപകർ നടത്തിക്കഴിഞ്ഞു.
എൽ ആൾട്ടോയിലെ ലാ സെജ മൾട്ടിപർപ്പസ് കോംപ്ലക്സിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ലാ പാസിന്റെ മധ്യഭാഗത്തേക്ക് വരെ നടന്നു. ഗതാഗത തടസങ്ങൾ ഒഴിവാക്കാനായി 500-ലധികം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്. ബസ് പരിശോധനയ്ക്കിടെ സ്ഫോടകവസ്തുക്കളുമായി നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് കമാൻഡർ അഡ്രിയാൻ അൽവാരസ് അറിയിച്ചു.
എന്നാൽ, സമാധാനപരമായ സമരത്തെ അക്രമത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് സി.ഒ.ബി നേതാവ് മാരിയോ അർഗോളോയും ഖനിത്തൊഴിലാളി നേതാവ് ആൻഡ്രെസ് പായെയും പ്രതികരിച്ചു. രാജ്യത്ത് നിലനിൽക്കുന്ന അടിയന്തരാവസ്ഥാ നിയന്ത്രണങ്ങൾ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതായും തൊഴിലാളി സംഘടനകൾ വിമർശിക്കുന്നു.
സുപ്രീം ഡിക്രി 5716 പ്രകാരം ആഭ്യന്തര ഡീസൽ വില ലിറ്ററിന് 18 ബൊളീവിയൻ പെസോയിൽ നിന്ന് 20.57 ആയി (ഏകദേശം 14.൩ ശതമാനം വർധനവ്) ഉയർത്തിയതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്. കള്ളക്കടത്ത് തടയാനും ഇന്ധനക്ഷാമം പരിഹരിക്കാനും അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വില ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് പ്രസിഡന്റ് റോഡ്രിഗോ പാസിന്റെ നിലപാട്.
ആഭ്യന്തര ശുദ്ധീകരണ ശേഷി കുറവായതിനാൽ ഉപയോഗിക്കുന്ന ഡീസലിന്റെ 86 ശതമാനവും പെട്രോളിന്റെ 56 ശതമാനവും ബൊളീവിയ ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഭീമമായ സബ്സിഡി തുടരാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
എന്നാൽ, ഡീസൽ വിലവർധനവ് ഭക്ഷ്യവസ്തുക്കളുടെയും കാർഷിക ഉത്പ്പന്നങ്ങളുടെയും വിലക്കയറ്റത്തിനും രൂക്ഷമായ പണപ്പെരുപ്പത്തിനും ഇടയാക്കുമെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ പരിഷ്കാരം സ്വകാര്യവത്ക്കരണമല്ലെന്നും ബജറ്റ് വിഹിതം ഉൾപ്പെടെയാണ് പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈമാറുന്നതെന്നും വിദ്യാഭ്യാസ മന്ത്രി എറിക് സാൻജിനസ് വിശദീകരിച്ചെങ്കിലും അധ്യാപക സംഘടനകൾ ഇത് തള്ളിക്കളഞ്ഞു.
ബൊളീവിയൻ വർക്കേഴ്സ് സെന്ററിന്റെ പ്രധാന ആവശ്യങ്ങൾ:
1 . ഡീസൽ വിലവർധനവ് പിൻവലിക്കുക, പണപ്പെരുപ്പം നിയന്ത്രിക്കുക.
2 . വിദ്യാഭ്യാസ വികേന്ദ്രീകരണ നിർദേശം ഉപേക്ഷിക്കുക.
3 . ഖനന നിയമത്തിലും (Mining Code) സാമൂഹിക സുരക്ഷാ നിയമത്തിലും (Social Security Code) കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ പിൻവലിക്കുക.
4 . ഫാക്ടറി അടച്ചുപൂട്ടലുകൾ, അന്യായമായ പിരിച്ചുവിടലുകൾ എന്നിവ തടയുക.
5 . പൊതുമേഖലാ ജീവനക്കാരുടെ കുടിശ്ശിക ബോണസുകൾ നൽകുക, പൊതു ആശുപത്രികളിൽ മരുന്നും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുക.
6 . സമരക്കാർക്കെതിരായ പൊലീസ് നടപടികളും യൂണിയൻ നേതാക്കൾക്കെതിരായ കേസുകളും പിൻവലിക്കുക.
നവംബർ 27-ലെ മാർച്ചിന് പിന്നാലെ സമരം കൂടുതൽ ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. സുപ്രീം ഡിക്രി 5716 പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ 30 മുതൽ അനിശ്ചിതകാല രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight:Protests in Bolivia against the government’s anti-people economic policies; workers and teachers take to the streets.