| Monday, 12th May 2025, 6:57 am

ഫലസ്തീന് ഐക്യദാർഢ്യം; ഇന്ത്യയിലുടനീളം ഡൊമിനോസിന്റെ ഔട്ട്‌ലെറ്റുകൾക്ക് പുറത്ത് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിലുടനീളം ഇസ്രഈൽ കമ്പനിയായ ഡൊമിനോസിന്റെ ഔട്ട്‌ലെറ്റുകൾക്ക് പുറത്ത് പ്രതിഷേധം. ‘ഫലസ്തീനുള്ള ഐക്യദാർഢ്യത്തിൽ ഇന്ത്യൻ ജനത’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മെയ് 10 ശനിയാഴ്ച നിരവധി ഇന്ത്യൻ നഗരങ്ങളിലെ ഡൊമിനോസ് പിസ്സ ഔട്ട്‌ലെറ്റുകൾക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഫലസ്തീനികൾക്കെതിരായ ഇസ്രഈലിന്റെ സൈനിക നടപടികളിൽ പങ്കാളികളായി കണക്കാക്കപ്പെടുന്ന സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ ശ്രമിക്കുന്ന ആഗോള പ്രസ്ഥാനവുമായി ചേർന്ന്, ഇന്ത്യയിൽ ആരംഭിച്ച ബഹിഷ്കരണ (ബി.ഡി.എസ്) കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ പ്രതിഷേധങ്ങൾ.

ന്യൂദൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ, വിശാഖപട്ടണം, പട്‌ന, വിജയവാഡ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാർ ഒത്തുകൂടുകയും ഡോമിനോസിനെതിരെയും ഇസ്രഈലിനെതിരെയും പ്രതിഷേധിക്കുകയും ചെയ്തു. ഗസയിൽ സൈനിക നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രഈൽ സേനയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഈ ഫ്രാഞ്ചൈസികൾ ആണെന്ന് പ്രതിഷേധക്കാർ വിമർശിച്ചു.

റെവല്യൂഷണറി വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ (ആർ.ഡബ്ല്യു.പി.ഐ), നൗജവാൻ ഭാരത് സഭ, ദിശ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, സ്ത്രീ മുക്തി ലീഗ്, ദൽഹി സ്റ്റേറ്റ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ എന്നിവയുൾപ്പെടെ നിരവധി സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും സംഘടനകളുമായും സഹകരിച്ചാണ് പ്രതിഷേധങ്ങൾ നടന്നത്.

2023 ഒക്ടോബർ ഏഴിലെ സംഭവങ്ങളെത്തുടർന്ന് ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് പ്രതിഷേധക്കാരിൽ ഒരാളായ പ്രിയംവദ സംസാരിച്ചു. ‘51,000ത്തിലധികം ഫലസ്തീനികളെ കൊലപ്പെടുത്തുകയും ലക്ഷക്കണക്കിന് ആളുകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ഒരു ആക്രമണം ഇസ്രഈൽ ആരംഭിച്ചു. ഇപ്പോഴും അത് തുടരുകയാണ്. കഴിഞ്ഞ 60 ദിവസമായി ഗസയിൽ സമ്പൂർണ ഉപരോധമാണ്. ഒരു കുപ്പി വെള്ളം പോലും ഈ മേഖലയിലേക്ക് പ്രവേശിക്കുന്നില്ല,’ അവർ പറഞ്ഞു.

ഇസ്രഈൽ സൈന്യം അടുത്തിടെ സഹായ കപ്പലായ ഫ്രീഡം ഫ്ലോട്ടില്ലക്ക് നേരെ ബോംബാക്രമണം നടത്തിയതിനെയും അവർ പറഞ്ഞു.

ബി.ഡി.എസ് ഇന്ത്യ കാമ്പെയ്‌നെ പ്രതിനിധീകരിച്ച്, ലോകമെമ്പാടുമുള്ള ബഹിഷ്‌കരണ പ്രസ്ഥാനങ്ങൾ നിരവധി ബഹിഷ്കരണങ്ങൾ നടത്തിയെന്ന് മറ്റൊരു പ്രതിഷേധക്കാരിയായ സ്വപ്നജ പറഞ്ഞു. സ്‌പോർട്‌സ് ബ്രാൻഡായ പ്യൂമ ഇസ്രഈലി ഫുട്‌ബോൾ അസോസിയേഷനുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഒരു ഉദാഹരണമാണെന്നും കെ.എഫ്‌.സി, മക്‌ഡൊണാൾഡ്‌സ്, പിസ്സ ഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ശൃംഖലകൾ തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഗണ്യമായ നഷ്ടം നേരിട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Content Highlight: Protests held outside Domino’s outlets across India in solidarity with Palestine

We use cookies to give you the best possible experience. Learn more