| Friday, 10th October 2025, 10:39 pm

'പൊടിഞ്ഞ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് കെ. സുധാകരന്‍'; കേരളത്തിലുടനീളം പ്രതിഷേധം, സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വടകര എം.പി ഷാഫി പറമ്പിലിനെതിരായ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതികരിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ശരീരത്തില്‍ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോണ്‍ഗ്രസ് പകരം ചോദിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ പ്രതികരണം.

എ.കെ.ജി സെന്ററില്‍ നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പൊലീസുകാര്‍ നേരെ ചൊവ്വേ പെന്‍ഷന്‍ പറ്റി വീട്ടില്‍ പോകില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കെ.കെ. ശൈലജയെ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യ രീതിയില്‍ തീര്‍ക്കുക. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് രാഷ്ട്രീയം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ പൊലീസിനെ ഉപയോഗിച്ച് സി.പി.ഐ.എം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

‘ശബരിമലയില്‍ സ്വര്‍ണപാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പൊലീസിനെ ഉപയോഗിച്ച് അക്രമം നടത്തി സി.പി.ഐ.എം പറഞ്ഞുവെക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം അന്നും ഇന്നും എന്നും കോണ്‍ഗ്രസുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ട,’ കെ. സുധാകരന്‍ പറഞ്ഞു.

കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകും. ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തെ തങ്ങള്‍ തുടച്ചുനീക്കും. ഏറാന്‍ മൂളികളായി നിന്ന് അക്രമം അഴിച്ചുവിടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അര്‍ഹമായ ശിക്ഷ ഈ പ്രസ്ഥാനം നല്‍കിയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

നിലവില്‍ പേരാമ്പ്രയിലെ ലാത്തി ചാര്‍ജില്‍ വടകര, കല്‍പ്പറ്റ, കോഴിക്കോട് ടൗണ്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയാണ്. കോഴിക്കോട്ടെ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്.

കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ രംഗത്തുണ്ട്. ആലപ്പുഴയില്‍ ദേശീയപാത ഉപരോധിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.

തൃശൂരിലെ പ്രതിഷേധത്തില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസുകാര്‍ക്കെതിരെ അടിയന്തിര നടപടി വേണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രകോപനപരമായ സാഹചര്യത്തിലേക്ക് പോകരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടെന്നിരിക്കെയാണ് പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലെത്തിയിരിക്കുന്നത്.

Content Highlight: Protests and clashes across the state over police lathi charge against Shafi Parambil

We use cookies to give you the best possible experience. Learn more