| Sunday, 1st December 2013, 9:08 am

ഗെയ്ല്‍ വാതക പൈപ്പ്‌ലൈന്‍: കേരളത്തിന് മാതൃകയായി തമിഴ്‌നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ഗെയ്‌ലിന്റെ വാതക പൈപ്പ്‌ലൈനിനെതിരെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുമ്പോള്‍ ഗെയ്‌ലിനെതിരെ കോടതിയെ സമീപിച്ച് മാതൃകയായി തമിഴ്‌നാട്.

നിര്‍ദ്ദിഷ്ട കൊച്ചി- ബാംഗലൂരു വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കൃഷി ഭൂമിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ട് പോവുന്നതിനെയാണ് തമിഴ്‌നാട് എതിര്‍ത്തത്. ദേശീയ പാതയോരത്ത് കൂടി പദ്ധതി നടപ്പാക്കാനാവുന്നതാണെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

കൃഷി ഭൂമിയിലൂടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സിംഗൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളിലേത് പോലെ സംഘര്‍ഷത്തിന് കാരണമായേക്കും. അതിനാല്‍ പദ്ധതിക്ക് അനുമതി നല്‍കിയ മഗ്രാസ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നുമാണ് ആവശ്യം.

പദ്ധതി നടപ്പാക്കുന്നതിലുള്ള പ്രതിഷേധം വാതക പൈപ്പ്‌ലൈന്‍ കടന്ന് പോവുന്ന ഏഴ് ജില്ലകളിലെ കര്‍ഷകര്‍ നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നു.

കേരളത്തില്‍ വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് പ്രധാനമായും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ജനവാസ മേഖലകളില്‍ വാതകപൈപ്പ്‌ലൈന്‍ സ്ഥാപിക്കരുതെന്നാണ് വ്യാപകമായ ആവശ്യം.

വാതക പൈപ്പ്‌ലൈന്‍ കൊണ്ടുപോകുന്നതിന് 20 മീറ്റര്‍ വീതിയില്‍ ഭൂമിയുടെ ഉപയോഗ അവകാശം കമ്പനിക്കു വിട്ടുനല്‍കണം. അതിനു പ്രതിഫലമായി ആധാരവിലയുടെ പത്തുശതമാനം നല്‍കും. ഭൂമിക്കടിയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോയാലും ഉടമസ്ഥന് ഭൂമിയുടെ ഉടമാവകാശം നഷ്ടപ്പെടില്ല.

എന്നാല്‍ ആ ഭൂമിയില്‍ കൃഷിയോ മറ്റു  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ സാധ്യമാവില്ല. കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനോ കുഴിയെടുക്കാനോ മതിലുകള്‍ നിര്‍മിക്കുവാനോ വേര് ആഴ്ന്നിറങ്ങുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കുവാനോ അവിടങ്ങളില്‍ കഴിയില്ല.

ഭൂമിയുടെ അവകാശം കയ്യിലിരിക്കുമ്പോഴും ഫലപ്രദമായ ഒരു ക്രയവിക്രിയങ്ങളും ചെയ്യാന്‍ ഉടമസ്ഥന് കഴിയില്ല. മാത്രമല്ല പൈപ്പ്‌ലൈനുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഉത്തരം പറയേണ്ടതും ഉടമസ്ഥനാണ്.

എന്നാല്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

കൃഷി സ്ഥലങ്ങളിലൂടെ പൈപ്പ്‌ലൈന്‍ കടന്ന് പോവുന്നത് കൊണ്ട് കൃഷിക്ക് യാതൊരു തടസ്സവുമുണ്ടാവില്ലെന്നും സ്‌ഫോടനം പോലുളള അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും ഭരത്ഭൂഷണ്‍ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പൈപ്പുകളാണ് ഗെയ്ല്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ ഇതര പ്രദേശങ്ങളിലും ഇത്തരത്തിലുള്ള വാതക പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെയൊന്നും അപകടമുണ്ടായിട്ടില്ല. രാജ്യത്താകമാനം 10,000 കിലോമീറ്ററിലധികം വാതക പൈപ്പ്‌ലൈനുകളാണ് ഗെയ്ല്‍ സ്ഥാപിച്ചിട്ടുള്ളത് ഭരത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ജനജീവിതത്തെ ആശങ്കയിലാക്കുന്ന ഗെയ്ല്‍ വാതക പൈപ്പ്‌ലൈനെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ഇപ്പോള്‍ വടക്കന്‍ ജില്ലകളുടെ നീക്കം.

We use cookies to give you the best possible experience. Learn more