ഏഥന്‍സ്: ഇസ്രഈല്‍ ക്രൂയിസ് കപ്പലായ ‘ക്രൗണ്‍ ഐറിസ്’ ഗ്രീസില്‍ എല്ലായിടത്തും പ്രതിഷേധങ്ങള്‍ നേരിട്ടതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഡ്രോപ്പ് സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ മൂന്ന് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളില്‍ ഒന്നായ ഹൈഫ തുറമുഖത്ത് നിന്നും ഏഥന്‍സിലേക്കും ഗ്രീക്ക് ദ്വീപുകളിലേക്കും പതിവായി യാത്ര ചെയ്യുന്ന കപ്പലാണ് ക്രൗണ്‍ ഐറിസ്.
രണ്ടായിരത്തോളം യാത്രക്കാരെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന കപ്പലിന് 10 ഡെക്കുകളാണ് ഉള്ളത്. കപ്പലില്‍ കാസിനോയും തിയേറ്ററും വാട്ടര്‍സ്ലൈഡും ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുമുള്‍പ്പെടെ സഞ്ചാരികള്‍ക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്.
എന്നാല്‍ ജൂലൈ അവസാനം മുതല്‍ക്ക് കപ്പലിന്റെ പാതയിലെല്ലാം പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഫലസ്തീന്‍ പതാക വീശിയും കപ്പലിന്റെ ഡോക്കിങ് തടഞ്ഞുമാണ് പ്രതിഷേധിക്കുന്നത്. ജൂലൈ 22ന് കപ്പല്‍ സിറോസ് ദ്വീപില്‍ എത്തിയതും യാത്രക്കാരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ മുന്നൂറില്‍ അധികം ആളുകളായിരുന്നു പ്രതിഷേധിച്ചത്.
ഫലസ്തീനികള്‍ക്ക് എതിരെ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന വംശഹത്യയെയും അധിനിവേശത്തെയും ഈ കപ്പലിലെ വിനോദ സഞ്ചാരികള്‍ പ്രശംസിക്കുകയാണെന്നും അവര്‍ ഗ്രീസിലെത്തി പ്രകോപനപരമായ പ്രവൃത്തികള്‍ ചെയ്യുകയാണെന്നും പ്രദേശവാസികളും ആക്ടിവിസ്റ്റുകളും ആരോപിച്ചു.
കപ്പലിലെ സഞ്ചാരികള്‍ തെരുവുകളിലും കടകളിലുമുള്ള ഫലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ വലിച്ചു കീറുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒപ്പം കെഫിയയോ ഫലസ്തീന്‍ അനുകൂല ഷര്‍ട്ടോ ധരിക്കുന്ന ആളുകളെ കണ്ടാല്‍ അവരെ വാക്കുകള്‍ കൊണ്ടും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നും ആരോപണമുണ്ട്.
ജൂലൈ 28ന് റോഡോസ് ദ്വീപിലും അജിയോസ് നിക്കോളാവോസിലും ക്രൗണ്‍ ഐറിസ് കപ്പലിന് എതിരെ പ്രതിഷേധമുണ്ടായിരുന്നു. റോഡോസ് ദ്വീപിലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജിയോസ് നിക്കോളാവോസില്‍ പ്രകടനക്കാര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും ഫലസ്തീന്‍ പതാക ഉയര്‍ത്തുകയും ചെയ്യുകയായിരുന്നു.
ആഗസ്റ്റ് 10ന് ഗ്രീസിലുടനീളം നിരവധി സ്ഥലങ്ങളില്‍ പതിനായിര കണക്കിന് ആളുകള്‍ പ്രകടനം നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല സമരങ്ങളില്‍ ഒന്നായിരുന്നു അത്.
ദശലക്ഷകണക്കിന് വിനോദ സഞ്ചാരികള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുമ്പോള്‍ നമുക്ക് നമ്മുടെ ശബ്ദങ്ങള്‍ ഉച്ചത്തിലാക്കാമെന്നായിരുന്നു സമരാനുകൂലികള്‍ പറഞ്ഞത്. ഒപ്പം ഗ്രീസിലെ ദ്വീപുകളും ബീച്ചുകളും ഇടവഴികളും പര്‍വതങ്ങളും ഇസ്രഈല്‍ സൈന്യത്തിന്റെ വിശ്രമ സ്ഥലങ്ങളല്ലെന്നും അവര്‍ പറഞ്ഞു. അതിനുപകരം ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യത്തിന്റെ സ്ഥലങ്ങളായി മാറ്റാമെന്നായിരുന്നു അവരുടെ പ്രഖ്യാപനം.
Content Highlight: Protests across Greece against Israeli cruise ship Crown Iris