| Sunday, 8th June 2025, 3:44 pm

ഗസയിലെ വംശഹത്യ; ഇറ്റലിയിലെ വലതുപക്ഷ സര്‍ക്കാര്‍ മൗനം പാലിക്കുന്നു; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റോമിലുടനീളം മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ഗസയിലെ ഇസ്രഈല്‍ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റോമിലുടനീളം പ്രതിഷേധ പ്രകടനം. ഇന്നലെ (ശനിയാഴ്ച) പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് റോമിലെ തെരുവുകളിലൂടെ മാര്‍ച്ച് നടത്തിയത്. കുട്ടികളുള്‍പ്പെടെ നിരവധി ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ഗസയിലെ സംഘര്‍ഷത്തില്‍ ഇറ്റലിയിലെ വലതുപക്ഷ സര്‍ക്കാര്‍ വ്യക്തമായ നിലപാട് കൈക്കൊള്ളണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ സംഘടിപ്പിച്ച റാലിയില്‍ 300,000  ആളുകള്‍ വരെ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു.

ഫലസ്തീനികളുടെ കൂട്ടക്കൊലയ്ക്കും നെതന്യാഹു ഗവണ്‍മെന്റിന്റെ കുറ്റകൃത്യങ്ങള്‍ക്കും എതിരായ ഒരു ജനകീയ പ്രതികരണമാണിതെന്ന് ഇറ്റലിയിലെ മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് എല്ലി ഷ്‌ലൈന്‍ മാര്‍ച്ചില്‍ പറഞ്ഞു. മെലോണി സര്‍ക്കാര്‍ ചെയ്യുന്നതുപോലെ നിശബ്ദത പാലിക്കാത്ത മറ്റൊരു ഇറ്റലിയുണ്ടെന്നും ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.

ഗസയിലെ നെതന്യാഹുവിന്റെ ആക്രമണത്തെ പരസ്യമായി അപലപിക്കാന്‍ പ്രതിപക്ഷം മെലോണിയെ ഏറെ നാളായി നിര്‍ബന്ധിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഗസയിലെ സൈനിക നടപടി ഉടന്‍ നിര്‍ത്തണമെന്ന് മെലോണി ഇസ്രഈലിനോട് ആവശ്യപ്പെട്ടെങ്കിലും അത് ശക്തമല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.

ഗസയിലെ ഇസ്രഈല്‍ വംശഹത്യയില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ കുറഞ്ഞത് 54,772 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 125,834 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

അതേസമയം വരാനിരിക്കുന്ന ന്യൂയോര്‍ക്ക് സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി ഉണ്ടാകില്ലെന്ന് ഫ്രാന്‍സിലെയും ബ്രിട്ടനിലെയും നയതന്ത്രജ്ഞര്‍ അറിയിച്ചു. ജൂണ്‍ 17നും 20നും ഇടയില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ പദ്ധതി ചര്‍ച്ചക്കെടുക്കില്ലെന്നാണ് അറിയിപ്പ്.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും നയതന്ത്രജ്ഞര്‍ അറിയിച്ചു. ഗസയിലെ സ്ഥിരമായ വെടിനിര്‍ത്തല്‍, ഇസ്രഈലി തടവുകാരെ മോചിപ്പിക്കല്‍, ഫലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണം, സാമ്പത്തിക പുനര്‍നിര്‍മാണം, ഗസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക.

അതേസമയം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് അനിശ്ചിതമായി വൈകുന്നതില്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോത്ത് ആശങ്ക പ്രകടിപ്പിച്ചു. നടപടികള്‍ അനന്തമായ ഒന്നാകരുതെന്ന് കെന്നത്ത് എക്‌സില്‍ കുറിച്ചു.

ഗസയില്‍ ഇസ്രഈല്‍ യുദ്ധമാരംഭിച്ചത് മുതല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യു.കെയും ഫ്രാന്‍സും സമ്മര്‍ദം നേരിട്ടിരുന്നു. തുടര്‍ന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സംബന്ധിച്ച് ജൂണില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ പിന്മാറുന്നതായി അറിയിച്ചിരിക്കുന്നത്.

Content Highlight: Protesters in Rome need to end war on Gaza

We use cookies to give you the best possible experience. Learn more