| Thursday, 8th October 2026, 9:41 pm

ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി

ദേവിക ജയചന്ദ്രന്‍

ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് തലസ്ഥാനമായ ബൊഗോട്ടയില്‍ വന്‍ പ്രതിഷേധറാലി.

ജെറുസലേമില്‍ പുതിയ കൊളംബിയന്‍ എംബസി തുടങ്ങാന്‍ പ്രസിഡന്റ് അബെലാര്‍ദോ ഡെ ലാ എസ്പ്രിയെല്ല തീരുമാനമെടുത്തിരുന്നു. ഇസ്രഈലുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള കൊളംബിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെയും ഗസയില്‍ തുടരുന്ന വംശഹത്യയെയും എതിര്‍ത്താണ് പ്രതിഷേധം.

ബൊഗോട്ടയിലെ ഇസ്രഈല്‍ എംബസിക്ക് മുന്നില്‍ നിന്നാണ് റാലി ആരംഭിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രഈലില്‍ നടത്തിയ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് റാലി നടന്നത്. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രഈല്‍ ഗസയിലെ യുദ്ധം ആരംഭിച്ചത്.

ഇസ്രഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചപ്പോള്‍ അവരുടെ ആക്രമണങ്ങളില്‍ പങ്കാളികളാകുന്ന ഒരു രാഷ്ട്രമാവില്ല എന്ന സന്ദേശമാണ് നല്‍കിയതെന്നും ഫലസ്തീനില്‍ നടക്കുന്ന ആതിക്രങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കില്ല എന്നാണ് ഇന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
മുന്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യയെ വിമര്‍ശിച്ചിരുന്നു. ഓഗസ്റ്റില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെ ലാ എസ്പ്രിയെല്ല തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് രാജ്യത്തെ സായുധസംഘങ്ങളെ നേരിടുന്നതിനുള്ള മാര്‍ഗമായി അമേരിക്കയുമായും ഇസ്രഈലുമായും അടുത്ത ബന്ധം സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് ഡെ ലാ എസ്പ്രിയെല്ല ഇസ്രഈലുമായുള്ള ബന്ധം പുനസ്ഥാപിച്ചു. അധികാരമേറ്റ് ദിവസങ്ങള്‍ക്കകം അധിനിവേശം നടത്തിയ സിറിയയിലെ ഗോലാന്‍ കുന്നുകളിന്മേലുള്ള ഇസ്രഈലിന്റെ പരമാധികാരം കൊളംബിയന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

അടുത്ത ബുധനാഴ്ച ജറുസലേമില്‍ കൊളംബിയന്‍ എംബസി തുറക്കുമെന്ന ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍ പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വൈകാതെ തന്നെ ജെറുസലേമില്‍ എംബസി ആരംഭിക്കുമെന്നും ഗിഡിയന്‍ സാര്‍ കൂട്ടിച്ചേര്‍ത്തു.

ജറുസലേമിനെ അന്താരാഷ്ട്ര സമൂഹം ഇസ്രഈലിന്റെ തലസ്ഥാനമായി അംഗീകരിക്കാത്തതിനാല്‍, ഇസ്രഈലുമായി നയതന്ത്ര ബന്ധമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ ടെല്‍ അവീവിലാണ്.

Content  Content: Protesters in Colombia rally against ties with Israel.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more