| Sunday, 25th October 2026, 9:29 pm

ഹലോ മിസ്റ്റര്‍ സി.എമ്മേ... മാധ്യമത്തില്‍ നീതിയില്ല... മുഖ്യമന്ത്രിയെ വരവേറ്റത് മാധ്യമം ജീവനക്കാരുടെ മുദ്രാവാക്യം വിളി

ആദർശ് എം.കെ.

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ മുദ്രാവാക്യങ്ങളാല്‍ എതിരേറ്റ് ഒമ്പത് മാസത്തിലധികമായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിക്കുന്ന മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍. കൃത്യമായി ശമ്പളം നല്‍കാത്തതിന് പിന്നാലെ അനിശ്ചിതകാല സമരം നടത്തുന്ന മാധ്യമത്തിലെ ജീവനക്കാരാണ് തങ്ങളുടെ ദുരവസ്ഥ മുദ്രാവാക്യത്തിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ സമരക്കാര്‍ മൈക്കിലൂടെ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

‘ഹലോ മിസ്റ്റര്‍ സി.എമ്മേ… മാധ്യമത്തില്‍ ന്യായമില്ല, മാധ്യമത്തില്‍ നീതിയില്ല… സര്‍ക്കാര്‍ എന്തേ ഇടപെടാത്തത്’ എന്ന മുദ്രാവാക്യമാണ് സമരക്കാര്‍ ഉയര്‍ത്തിയത്. ഇതിനൊപ്പം പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു.

ശമ്പളക്കുടിശ്ശിക തീര്‍ക്കുക, ശമ്പളവിതരണം ക്രമപ്പെടുത്തുക, സ്ഥിരം ജീവനക്കാരെ കരാര്‍ വ്യവസ്ഥയിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ സമരം നടത്തുന്നത്.

നേരത്തെ, സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ സമരവേദിയിലെത്തിയിരുന്നു. നീതിയുക്തമായ സമരമാണ് ജീവനക്കാരുടേതെന്നും ശമ്പളം ലഭിക്കുകയെന്ന ന്യായമായ ആവശ്യമാണ് സമരക്കാരുടേതെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ ശമ്പളം നല്‍കി. അതിനുശേഷം എല്ലാം തകിടം മറിഞ്ഞു. കഴിഞ്ഞ ജനുവരിയിലെ ശമ്പളം ആണ് ഒടുവില്‍ ലഭിച്ചത്. എട്ട് മാസത്തെ ശമ്പള കുടിശ്ശിക ഉണ്ട്. ഇതിന് ഒരു ന്യായീകരണം ഇല്ല. അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് ആണ് മാധ്യമം മാനേജ്മെന്റിന്റേത്. എല്ലാവരും പിരിഞ്ഞുപൊക്കോളൂ, കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചോളാം എന്ന നിലപാട് ആണ് മാനേജ്മെന്റിന്റേത്. ഇത് അംഗീകരിച്ചു കൊടുത്താല്‍ നാളെ എല്ലാവരും സ്വയം റിട്ടയര്‍മെന്റ് കത്ത് നല്‍കേണ്ടി വരും’, പിണറായി വിജയന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടപെടല്‍ നടത്തി പരിഹാരം കണ്ടത് ആണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ശമ്പളസമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മാധ്യമത്തിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. വെള്ളിമാടുകുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ബഹുജനങ്ങളുമടക്കം ആയിരങ്ങള്‍ അണിനിരന്നു.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, സേവ, എച്ച്.എന്‍.കെ.പി എന്നീ സംഘടനകള്‍ക്കൊപ്പം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹികളും മാര്‍ച്ചിന്‍രെ ഭാഗമായിരുന്നു.

Content Highlight: Protesters from the ‘Madhyamam’ newspaper raised slogans in front of CM V.D. Satheesan.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more