| Saturday, 9th July 2022, 3:11 pm

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ കയറി ഭക്ഷണം കഴിച്ച്, നീന്തല്‍ കുളത്തില്‍ കുളിച്ച് പ്രക്ഷോഭകര്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയില്‍ പ്രവേശിച്ച് പ്രക്ഷോഭകര്‍. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ രജപക്‌സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തു.

ഇതിനിടെ ഔദ്യോഗിക വസതിയിലുള്ള നീന്തല്‍ക്കുളത്തില്‍ പ്രക്ഷോഭകര്‍ നീന്തിക്കുളിക്കുന്ന ചിത്രവും പുറത്തുവരുന്നുണ്ട്.

കൊളംബോയിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുള്ളിലെ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനുപിന്നാലെ വരുന്നുണ്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യക്കൊപ്പം പ്രക്ഷോഭകര്‍ സെല്‍ഫിയെടുക്കുന്ന ചത്രവും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ആയിരക്കണക്കിന് പ്രക്ഷോഭകര്‍ കൊളംബോയിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. സുരക്ഷ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്നാണ് പ്രക്ഷോഭകര്‍ ഗെയ്റ്റ് കടന്ന് വസതിയിലേക്ക് പ്രവേശിച്ചത്.

ഇതോടെ രജപക്സെ വസതി വിട്ടിരിക്കുകയാണ്. അദ്ദേഹം എവിടേക്കാണ് പോയതെന്നത് വ്യക്തമല്ല. പ്രസിഡന്റ് രാജ്യം വിട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് തിരിക്കുകയാണ്. കാന്‍ഡി റെയില്‍വേ സ്റ്റേഷന്‍ സമരക്കാര്‍ പൂര്‍ണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു.

കൊളംബോയില്‍ കര്‍ഫ്യൂ പിന്‍വലിച്ചതിനു പിന്നാലെയാണ് ഇന്ന് ആയിരങ്ങള്‍ പ്രകടനമായി പ്രസിഡന്റിന്റെ വസതിയിലെത്തിയത്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്ന് ഇന്നലെ പൊലീസ് ഉത്തരവിട്ടിരുന്നു. നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനു പിന്നാലെ കര്‍ഫ്യൂ പിന്‍വലിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെയുണ്ടായതില്‍ തീവ്രമായ പ്രക്ഷോഭമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്ന ദൃശ്യങ്ങള്‍ ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ലങ്കന്‍ പതാകയുമായാണ് ആളുകള്‍ തെരുവിലിറങ്ങിയത്.

വലിയ ബഹുജന റാലിക്ക് ഇന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ റാലി തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാ പ്രതിരോധങ്ങളേയും മറികടന്നാണ് പ്രക്ഷോഭം നടത്തുന്നത്. പൊലീസ് ഗതാഗതം തടഞ്ഞതോടെ നടന്നാണ് പ്രക്ഷോഭകരെത്തിയത്.

Content Highlights:  Protesters eat, swim in swimming pool under President’s influence in Sri Lanka; Video

Latest Stories

We use cookies to give you the best possible experience. Learn more