മെക്‌സിക്കോ സിറ്റിയില്‍ ലോകകപ്പ് കളിക്കാരുടെ പ്രതിമകള്‍ തകര്‍ത്ത് സമരക്കാര്‍. മെക്‌സിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് അധ്യാപകരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയാലോ പരാജയപ്പെട്ടാലോ ലോകകപ്പ് മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ജൂണ്‍ 11 ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിക്കാന്‍ പോകുന്ന ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി സ്ഥാപിച്ച കളിക്കാരുടെ പ്രതിമകള്‍ പ്രതിഷേധക്കാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു സംഭവം.
പ്രതിഷേധക്കാര്‍ പ്രതിമയ്ക്ക് ചുറ്റും കയറുകള്‍ കെട്ടി നിലത്തേക്ക് വലിച്ചിട്ട്, ജേഴ്‌സികള്‍ വലിച്ചുകീറുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ‘പരിഹാരമില്ലെങ്കില്‍ പന്ത് ഉരുളില്ല’ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ബെല്‍ജിയം, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രതിമകള്‍ സമരക്കാര്‍ തകര്‍ത്തു.
പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച് പൊലീസ് പിരിച്ചുവിട്ടിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ ബ്ലോക്കുകള്‍ക്കുള്ളില്‍ സമരക്കാര്‍ ഒരു ക്യാമ്പ് സ്ഥാപിച്ചതോടെ ഗതാഗതം തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധക്കാരില്‍ ഒരാളായ ഫാബിയന്‍ വില്ലെഗാസ്, തങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കാത്തതില്‍ പ്രതികരിച്ചിരുന്നു.
‘നമ്മള്‍ എത്ര പ്രകടനം നടത്തിയാലും, എത്ര മാര്‍ച്ച് ചെയ്താലും, എത്ര ഉച്ചത്തില്‍ സംസാരിച്ചാലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ അധ്യാപകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രാധാന്യമുണ്ട്,’ വില്ലെഗാസ് പറഞ്ഞു.
എന്നാല്‍ പ്രതിഷേധിക്കാനുള്ള ശരിയായ മാര്‍ഗമല്ല ഇതെന്നും അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കേണ്ട സമയത്ത് ഇത്തരം കാര്യങ്ങള്‍ ശരിയല്ലെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു.
Content Highlight: Protesters destroy statues of World Cup players in Mexico City