| Sunday, 24th August 2025, 5:09 pm

രാഹുലിന്റെ വീടിനുമുന്നില്‍ 'നീലപ്പെട്ടി'യുമായെത്തി പ്രതിഷേധം; ഓടിച്ചുവിട്ട് അനുയായികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടൂര്‍: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിനുമുന്നില്‍ നീലപ്പെട്ടിയുമായെത്തി പ്രതിഷേധം നടത്താന്‍ ശ്രമം. രാഹുലിന്റെ അടൂരിലെ വീടിന് സമീപത്തേക്ക് ഒരാള്‍ പെട്ടിയുമായി എത്തുകയായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ അനുയായികള്‍ ഇയാളോട് കയര്‍ക്കുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമ ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

രാഹുലിനെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം. പ്രതിഷേധക്കാരനും എം.എല്‍.എയുടെ അനുയായികളും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇയാളെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയും ചെയ്തു.

ഇതിനിടെ ‘ഞാന്‍ വന്നത് പ്രതിഷേധിക്കാന്‍ വേണ്ടി, എന്നാല്‍ ഇവിടെ നടന്നത് ഗുണ്ടായിസം’ എന്ന് മാധ്യമങ്ങളോട് പ്രതിഷേധക്കാരന്‍ പറഞ്ഞു. പിന്നാലെ തങ്ങള്‍ എന്ത് ഗുണ്ടായിസമാണ് കാണിച്ചതെന്നും മര്യാദയോടെയല്ലേ സംസാരിച്ചതെന്നും പറഞ്ഞുകൊണ്ട് അനുയായികള്‍ ആക്രോശിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ കാലയളവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘നീല ട്രോളി ബാഗ്’ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തുകയായിരുന്നു.

പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നീല ട്രോളി ബാഗുമായി മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയാണ് ചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ട്രോളിയില്‍ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അതേസമയം കെ.പി.എം ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറിയില്‍ റെയ്ഡ് നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlight: Protester arrive in front of Rahul Mamkootathil’s house with ‘blue box’

We use cookies to give you the best possible experience. Learn more