| Tuesday, 26th August 2025, 7:46 am

ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് പ്രതിഷേധം, മതവികാരം വ്രണപ്പെട്ടു; യുവമോര്‍ച്ചയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിനെതിരെ പരാതി. കാളയുമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചിനെതിരെയാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കാട്ടാക്കട ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഹിന്ദുമതവിശ്വാസ പ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. നട്ടുച്ച സമയം കിലോ മീറ്ററുകളോളം കാളയെ മൂക്കുകയര്‍ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും ക്രൂരത കാട്ടിയെന്നും പരാതിയില്‍ പറയുന്നു.

കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. വി.ഡി. സതീശന്റെ വിത്തുകാള എന്ന് അധിക്ഷേപിച്ചുകൊണ്ടുള്ള ബാനറും യുവമോര്‍ച്ച ഉയര്‍ത്തിയിരുന്നു. വി.ഡി. സതീശനും ഷാഫി പറമ്പിലുമായുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമായിട്ടാണ് രാഹുലിനെ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്നും യുവമോര്‍ച്ച ആരോപിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് തങ്ങളുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരും.

ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്.

ഇതോടെ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിക്കില്ല. വ്യക്തിപരമായി രാജിവെക്കാത്തിടത്തോളം രാഹുലിന് സ്വതന്ത്ര എം.എല്‍.എയായി തുടരേണ്ടി വരും.

രാഹുലുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളിലും മറുപടി പറയാനുള്ള ഉത്തരവാദിത്തവും ഇനി മുതല്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ല. മാത്രമല്ല നിലവിലുള്ള ആരോപണങ്ങളിലെ നിയമനടപടി ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തിപരമായി കൈകാര്യം ചെയ്യേണ്ടിയും വരും.

അതേസമയം, പാര്‍ട്ടി പുറത്താക്കിയ സാഹചര്യത്തില്‍ രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണെങ്കില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഒരു വര്‍ഷത്തിന് താഴെയാണ് കാലാവധിയെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തില്ല എന്നതാണ് മാനദണ്ഡം. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയുമുണ്ട്.

Content highlight: Protest using bull, hurts religious sentiments; Youth Congress leader files complaint against Yuva Morcha

We use cookies to give you the best possible experience. Learn more