ന്യൂയോർക്ക്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും സ്ത്രീകൾ പ്രതിഷേധ റാലികൾ നടത്തി.
ബൊളീവിയ, ഇറ്റലി, സ്പെയിൻ, അർജന്റീന, മധ്യ അമേരിക്കയിലെ ഗ്വാട്ടിമാല, മെക്സിക്കോ സിറ്റി, കൊളംബിയ, ചിലി, തുർക്കി, ജർമനി, ബൾഗേറിയ, ഇക്വഡോർ തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു.
റാലികളിലെ ചിത്രങ്ങൾ ശക്തമായ പ്രതിഷേധമറിയിക്കുന്നവയായിരുന്നു. ബൊളീവിയയിലെ എൽ ആൾട്ടോയിൽ സ്ത്രീഹത്യക്ക് ഇരയായവരുടെ പേരുകൾ വസ്ത്രങ്ങളിൽ പ്രദർശിപ്പിച്ച് നൃത്തം ചെയ്തുകൊണ്ട് പ്രതിഷേധിച്ചു.
മെക്സിക്കോ സിറ്റിയിൽ നടന്ന റാലിയിൽ സ്ത്രീഹത്യക്ക് ഇരയായ ഒരു സ്ത്രീയുടെ ചിത്രവും കുരിശും പിടിച്ച് പ്രതിഷേധിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
സ്ത്രീഹത്യക്ക് ഇരയായ സ്ത്രീകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന വിവാഹ വസ്ത്രമണിഞ്ഞാണ് ഇക്വഡോറിലെ ക്വിറ്റോയിൽ ഒരു സ്ത്രീ പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.
ജർമനിയിലെ ബെർലിനിൽ നടന്ന ഒരു റാലിയിൽ അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ പ്രതീകമായി ഒരാൾ വെളുത്ത തുണിയിൽ ചുവന്ന ഷൂസുകൾ വിതറിയിടുന്ന ചിത്രം എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ഇറ്റലിയിൽ റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിന് സമീപം പ്രകടനം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഏകദേശം 47000 സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ ജീവിത പങ്കാളികളാലോ കുടുംബങ്ങളാലോ കൊല്ലപ്പെട്ടതായി യുണൈറ്റഡ് നാഷൺസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC), യു.എൻ വിമൺ എന്നിവ റിപ്പോർട്ട് ചെയ്തു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പുറത്തിറക്കിയ ‘2026 ഫെമിസൈഡ് ബ്രീഫ്’ എന്ന റിപ്പോർട്ടിലാണ് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ കൊലപാതകങ്ങളുടെ വ്യാപ്തി ഈ കണക്കുകൾ വ്യക്തമാക്കുന്നത് .
ലോകത്തിന്റെ ഒരു പ്രദേശവും ഇതിൽ നിന്ന് മുക്തമല്ലെന്നും എല്ലായിടത്തും ഇത്തരം കൊലപാതകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവായ കൊലപാതകങ്ങളുടെ നിരക്കുകൾ കുറഞ്ഞാലും സ്ത്രീഹത്യകളുടെ നിരക്ക് കുറയുന്നത് വളരെ സാവധാനത്തിലാണെന്ന് യു.എൻ പറഞ്ഞു.
Content Highlight: Protest rallies held worldwide to mark the International Day for the Elimination of Violence against Women.