തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ വനംവകുപ്പിന്റെ നടപടിയെ തുടര്‍ന്ന് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം. കേരളം ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ.എഫ്.ആര്‍.എ) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വേടനെതിരെ സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചതെന്ന് അസോസിയേഷന്‍ പറഞ്ഞു. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ടത്തിന്റെ കൈയടിക്ക് വേണ്ടി ഉദ്യോഗസ്ഥനെ ബലിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നടപടി പുനഃപരിശോധിച്ചില്ലെങ്കില്‍ മെയ് 12ന് കരിദിനം ആചരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.
റേഞ്ച് ഓഫീസറുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ പ്രതിഷേധം സ്വാഭാവികമെന്ന് മന്ത്രി പറഞ്ഞു.
പ്രതികാര മനോഭാവത്തോടെയല്ല സര്‍ക്കാര്‍ നടപടിയെടുത്തതെന്നും ന്യായമുള്ള പരാതിയാണെങ്കില്‍ പരിഹരിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
കോടനാട് റേഞ്ച് ഓഫീസര്‍ അധീനിഷിനെയാണ് സ്ഥലം മാറ്റിയത്. മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചതിലായിരുന്നു സ്ഥലംമാറ്റം.
വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശവും നല്‍കിയിരുന്നു. റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ചട്ടപ്രകാരമാണ് നടപടിയെടുത്തതെന്ന വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു മന്ത്രിയുടെ നടപടി.
എന്നാല്‍ മുന്‍കൂര്‍ അനുമതി തേടാതെ മാധ്യമങ്ങളോട് വേടനെതിരെ സംസാരിച്ചത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട നടപടികളാണുണ്ടായതെന്നും വേടന്റെ ശ്രീലങ്കന്‍ ബന്ധം അടക്കം തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും വനംവകുപ്പ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് വനംവകുപ്പിനും സംസ്ഥാന സര്‍ക്കാരിനും മോശം പ്രതിച്ഛായയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് മേധാവിയുടെ നിരീക്ഷണങ്ങള്‍.
വനംവകുപ്പിന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയത്.
പിന്നാലെ മധ്യമേഖല സി.സി.എഫ്, മൂവാറ്റുപുഴ ഡി.എഫ്.ഒ എന്നിവരില്‍ നിന്ന് വനം വകുപ്പ് മേധാവി വിശദീകരണം തേടിയിരുന്നു.
Content Highlight: Protest over transfer of range officer following Forest Department’s action against vedan