| Wednesday, 25th November 2026, 12:36 pm

തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കൽ പ്രതിഷേധം; 300 ബി.ജെ.പി, ഹിന്ദു സംഘടന പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

ശ്രീലക്ഷ്മി എ.വി.

മധുരൈ: തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് 300 ബി.ജെ.പി, ഹിന്ദു സംഘടന പ്രവർത്തകർക്കെതിരെ കേസെടുത്ത് മധുര പൊലീസ്.

നിയമവിരുദ്ധമായി അനുമതിയില്ലാതെ സംഘം ചേർന്നു, പൊതുസമാധാനം തകർത്തു, വിവാദ പരാമർശങ്ങൾ നടത്തി, സർക്കാർ ജീവനക്കാരുടെ ജോലിയെ തടസപ്പെടുത്തി എന്നിവയുൾപ്പെടെ ആറ് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കാർത്തിക ദീപം കൽത്തൂണിൽ കത്തിക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിട്ടും ദീപം തെളിയിക്കാത്തതിനാലാണ് പ്രതിഷേധം നടന്നത്.

സുപ്രീം കോടതിയുടെ ഇടക്കാല നിർദേശങ്ങൾ തമിഴ്നാട് സർക്കാർ പാലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കനത്ത സുരക്ഷയും വർധിച്ചുവരുന്ന സംഘർഷാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധമുയർന്നത്.

കാർത്തിക ദീപോത്സവത്തിന്റെ ഭാഗമായി തിരുപ്രംകുണ്ഡ്രം കുന്നുകളിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് മുകളിൽ മാത്രമാണ് മഹാദീപം കത്തിച്ചത് ദീപത്തൂണിലെ ശിലാസ്തംഭത്തിൽ വിളക്ക് കത്തിച്ചില്ല.

സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചെറിയ സംഘമാണ് വിളക്ക് തെളിയിച്ചത്. ദീപത്തൂണിന് സമീപം നിശ്ചയിച്ച സമയത്തിന് മുന്നേ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വൈകുന്നേരം 6 മണിക്ക് വിളക്ക് തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.

ദീപത്തൂണിൽ വിളക്ക് തെളിയിക്കാത്തത്, സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് മനപൂർവം സർക്കാർ ലംഘിച്ചെന്ന് അഭിഭാഷകനും ഹിന്ദു മുന്നണി ഹർജിക്കാരനുമായ നിരഞ്ജൻ എസ്.കുമാർ ആരോപിച്ചു.

‘ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ എല്ലാവരും വിശ്വസിച്ചിരുന്നു. അധികാരികൾ തന്നെ വിളക്ക് തെളിയിക്കുന്നത് കാണാൻ ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തുകൂടി, എന്നാൽ വൈകുന്നേരം 6:02ന് ഉച്ചി പിള്ളയാറിലെ വിളക്ക് പതിവുപോലെ കത്തിച്ചു. അതായത് സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിക്കപ്പെട്ടു,’ നിരഞ്ജൻ എസ്. കുമാർ പറഞ്ഞു.

ഉത്സവം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സ്ഥിതി വിവരക്കണക്ക് സമർപ്പിക്കാൻ മധുര ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 20ലെ ഉത്തരവ് പ്രകാരം മലമുകളിലെ കൽത്തൂണിൽ ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ ജി.ആർ സ്വാമിനാഥൻ, സുമതി, എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച വ്യക്തമാക്കിയത്.

എന്നാൽ ഒരു തവണത്തേക്കുള്ള താത്കാലിക ക്രമീകരണമെന്ന നിലക്കാണ് കൽത്തൂണിൽ ദീപം തെളിയിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഈ തീരുമാനത്തെ അന്തിമ വിധിയായി കാണരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: Protest over lighting of lamps at Tirupparankundram; police register cases against 300 BJP and Hindu organization activists.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more