മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ പ്രൊഫസര്‍ സുര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി. ഡീന്‍ ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് സ്ഥാനത്തുനിന്നാണ് ദുല്ലയെ താത്ക്കാലികമായി മാറ്റിയത്. അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ഐ.ടി ബോംബെ ഡയറക്ടര്‍ ഷിരീഷ് ബി. കേദാരെ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.
സെപ്റ്റംബര്‍ 18നാണ് എനര്‍ജി സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ സാഹില്‍ രവീന്ദ്ര വാകോഡെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു മരണം. പരീക്ഷാ ഹാളില്‍ ദുല്ലയായിരുന്നു ഇന്‍വിജിലേറ്റര്‍. സംഭവത്തില്‍ ദുല്ലയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
സാഹിലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദുല്ലയുടെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേസില്‍ ആത്മഹത്യാ പ്രേരണയും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
സാഹിലിന് ജാതി അടിസ്ഥാനത്തിലുള്ള അധിക്ഷേപവും പീഡനവും നേരിട്ടിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. അതേസമയം, ഡീന്‍ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും ദുല്ലയെ അധ്യാപക സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്ന് ഐ.ഐ.ടി ഫാക്കല്‍റ്റി ഫോറം പറഞ്ഞു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുന്നതിനാണ് ഭരണപരമായ ചുമതലയില്‍നിന്ന് മാറ്റിയതെന്നും ഫാക്കല്‍റ്റി ഫോറം അറിയിച്ചു. ദുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അധ്യാപകര്‍ ക്യമ്പസില്‍ പ്രതിഷേധ മാര്‍ച്ചും നടത്തി.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഐ.ഐ.ടി ബോംബെ 18 ആവശ്യങ്ങളടങ്ങിയ കത്ത് പരിഗണിച്ചിരുന്നു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുക, ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വിദ്യാര്‍ത്ഥികളുമായി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
Content Highlights: Protest over IIT student’s death: Suryanarayana Dulla removed as Dean.