| Sunday, 11th October 2026, 11:05 am

ആലപ്പുഴയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം: ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

ശ്രീലക്ഷ്മി പി.പി

ആലപ്പുഴ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ദൽഹിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരം ചെയ്ത ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തു.

പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി, ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഡി.വൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു, ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ, നേതാക്കളായ കെ.ജി. അരുൺകുമാർ, സോനു, സോണി, അനീഷ് കുര്യൻ അടക്കം ആറ് പേർ രാത്രി മുതൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ദൽഹിയിലെ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നതിന് സമാനമായി കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിലെ റോഡ് ഡി.വൈ.എഫ്.ഐ ഉപരോധിച്ചത്. റോഡിൽ കിടന്ന് സമാധാനപരമായി പ്രതിഷേധിച്ച വനിതാ പ്രവർത്തകരെ അടക്കം പൊലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും സംസ്ഥാന ട്രഷറർ അടക്കമുള്ള നേതാക്കളെ കുത്തിന് പിടിച്ച് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.

സ്റ്റേഷനിലെത്തിച്ച ശേഷവും വനിതാ പ്രവർത്തകരെ വലിച്ചിഴച്ചതിലും നേതാക്കളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയതിലും പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്നുണ്ടായ നേരിയ ഉന്തും തള്ളും മറയാക്കി പൊലീസിനെ ആക്രമിച്ചുവെന്ന പേരിൽ കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും റിമാൻഡിലാക്കാൻ മനപ്പൂർവ്വമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നും നേതാക്കൾ പറഞ്ഞു.

ജനാധിപത്യ സമരത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കേരളത്തിലെ ഗവണ്മെന്റ് ആർഎസ്എസിന്റെ ചട്ടുകമായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതികരിച്ചു. ആർ.എസ്.എസിനെതിരെ ശക്തമായി പ്രതികരിക്കുന്നവരെ മുഴുവൻ റിമാൻഡ് ചെയ്യുന്ന നിലപാടാണ് പൊലീസിന്റേത്. മൂന്ന് എം.എൽ.എമാർ മാത്രമുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും കയ്യിലാണ് കേരളത്തിന്റെ ഭരണം എന്ന് തെളിയിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും ഈ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹം അണിനിരക്കണമെന്നും പ്രവർത്തകർ പറഞ്ഞു.

നേതാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ എം.എൽ. എ എച്ച്. സലാം, മാവേലിക്കര എം.എൽ.എയും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുമായ എം.എസ്. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ നാലുമണി വരെ സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

പൊലീസിന് നേരെ യാതൊരുവിധ ആക്രമണവും നടന്നിട്ടില്ലെന്നും സർക്കിൾ ഇൻസ്പെക്ടർ അനാവശ്യമായി പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്നും സ്റ്റേഷനിലെത്തിയ സി.പി.ഐ.എം നേതാവ് പി.പി. ചിത്തരഞ്ജൻ പറഞ്ഞു.

‘ദൽഹിയിലടക്കം പ്രതിഷേധത്തിന് ശേഷം പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ്. ഇവിടെയും മറ്റു പൊലീസുകാർക്ക് ജാമ്യത്തിൽ വിടാനായിരുന്നു താല്പര്യം. എന്നാൽ പ്രവർത്തകരിൽ ഒരാളുടെ കൈ എസ്.ഐയുടെ നെറ്റിയിൽ കൊണ്ടുവെന്ന് പറഞ്ഞ് സി.ഐ സമ്മർദ്ദം ചെലുത്തി പരാതി എഴുതി വാങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് സംസാരിക്കാനെത്തിയ മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാറിനോട് ഒരു ജനപ്രതിനിധിയുടെ പരിഗണന പോലും നൽകാതെ സി.ഐ അപമര്യാദയായി പെരുമാറി. ഇതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. ദൽഹിയിൽ കുട്ടികളെ ഓടിച്ചിട്ട് തല്ലുന്നത് കണ്ട് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് അതേ മനോഭാവം വന്നിരിക്കുകയാണ്. സമരം ചെയ്യാനുള്ള അവകാശത്തെ നിഷേധിച്ച് നേതാക്കളെ ജയിലിലടച്ച് സമാധാനം ഉണ്ടാക്കാമെന്ന് ആരെങ്കിലും കരുതിയാൽ അത് വിനാശകാലേ വിപരീതബുദ്ധി ആണ്. ഗുരുതരമായ ഭവിഷ്യത്ത് പോലീസ് നേരിടേണ്ടി വരും,’ ചിത്തരഞ്ജൻ മുന്നറിയിപ്പ് നൽകി.

Content Highlight:Protest in Alappuzha demanding Gyanesh Kumar’s resignation: Non-bailable case registered against DYFI leaders.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more