ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദല്‍ഹി ജന്തര്‍ മന്തറില്‍ ഈ മാസം പത്തിന് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്ത് സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും.
ഗ്യാനേഷിന്റെ രാജി എന്ന ഒറ്റ ആവശ്യത്തിനായല്ല തങ്ങളുടെ പ്രതിഷേധമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും വരെ പ്രതിഷേധം തുടരുമെന്നും സി.ജെ.പിയുടെയും ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെയും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജിയോടെ മാത്രം ഞങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഞങ്ങള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.ഐ.ആര്‍ പിന്‍വലിക്കുകയും വോട്ടര്‍ പട്ടിക 2025 ജനുവരിയിലെ അവസ്ഥയിലേക്ക് പുനസ്ഥാപിക്കണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്യുന്നത് വരെ ഞങ്ങള്‍ പിന്മാറില്ലെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയില്‍ ഒക്ടോബര്‍ പത്തിലെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ജെന്‍-സീ തലമുറയോട് സൗരവ് ദാസ് ആഹ്വാനം ചെയ്തു. സി.ജെ.പിയും രാജ്യത്തെ മുഴുവന്‍ യുവാക്കളും, അതായത് എല്ലാ സഖാക്കളും ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്ദറില്‍ എത്തും. ഞങ്ങള്‍ ദല്‍ഹി പൊലീസിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും, ക്രമസമാധാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞങ്ങളുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പൊലീസ് അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് സൗരവ് വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി തേടുക എന്നത് വിചിത്രമായ ഒരു ആശയമാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. പ്രതിഷേധങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. എന്തുതന്നെയായാലും ഞങ്ങള്‍ ആ അവകാശം വിനിയോഗിക്കുമെന്നും സൗരവ് ദാസ് വ്യക്തമാക്കി.
ദല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലായിരുന്നു വാര്‍ത്താ സമ്മേളനം. ഐസ നേതാവ് നേഹ ബോറ, സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങ്, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് സജി, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, രാകേഷ് ടികായത് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) സി.ജെ.പിയുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. സംഘടനാ പ്രവര്‍ത്തകര്‍ ഈ മാസം പത്തിന് ദല്‍ഹിയില്‍ എത്തിച്ചേരുമെന്ന് ബി.കെ.യു യു.പി സംസ്ഥാന പ്രസിഡന്റ് അനൂജ് സിങ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. പൊലീസ് പ്രതിഷേധക്കാരെ തടയാനും സംഘര്‍ഷത്തിനും ശ്രമിക്കും. കര്‍ഷകരുടെ ട്രാക്ടറുകള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
നാളെ (ഒക്ടോബര്‍ എട്ട്, വ്യാഴം) ബെംഗളൂരുവില്‍ സി.ജെ.പി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ എസ്.ഐ.ആര്‍ വിഷയത്തില്‍ ‘ജനകീയ ട്രൈബ്യൂണല്‍’ എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്‌കെ, അശുകോശ് റാങ്ക, സൗരവ് ദാസ് എന്നിവര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് പ്രകാശ് രാജ് അറിയിച്ചു.
കര്‍ണാടകയില്‍ എസ്.ഐ.ആര്‍ നടപടികള്‍ക്ക് ഇരയായവര്‍ ഇതില്‍ പങ്കെടുക്കും. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ പങ്കുചേരാന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് പ്രതിഷേധം.
Content Highlight: Protest at Jantar mantar on October 10th Demanding Gyanesh’s Resignation: Press Conference of CJP, AISA, SFI, AISF