| Wednesday, 14th October 2026, 9:58 am

ജന്തര്‍ മന്തര്‍ പ്രതിഷേധം; സൗരവും അശുതോഷും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക്

റെന്വര്‍ പി

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ സി.ജെ.പി സഹ കണ്‍വീനര്‍മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കയറിയെന്ന കേസിലാണ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇവരെ കസ്റ്റഡിയിലേക്ക് മാറ്റിയത്. കേസില്‍ കസ്റ്റഡിയാലായിരുന്ന മറ്റൊരു സി.ജെ.പി നേതാവായ അജിങ്ക്യ ഷിന്‍ഡെയെ പൊലീസ് വ്യക്തിഗത ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെയാണ് (ഒക്ടോബര്‍ 13, ചൊവ്വ) പൊലീസ് വിലക്ക് മറികടന്ന് ജന്തര്‍ മന്ദറിലേക്കുള്ള വഴിയിലേക്ക് ഗെയ്റ്റ് ചാടിക്കടന്ന് അശുതോഷ്, സൗരവ്, അജിങ്ക്യ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം സി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിലെത്തി ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സി.ജെ.പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തില്‍ അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരോധനാജ്ഞ ലംഘിച്ച് ജന്തര്‍ മന്ദറില്‍ പ്രവേശിച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാരെ ദ്വാരക ജില്ലയിലെ ജാഫര്‍പൂര കലാന്‍ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു കൊണ്ട് പോയിരുന്നത്. എന്നാല്‍ മൂവരെയും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു.

അതേസമയം, സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് പ്രതിഷേധക്കാരെ ശിക്ഷിക്കുന്നതിന്റെ മുന്‍കാല ചരിത്രമുണ്ടെന്ന് സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഭൂരുക്കളായ സര്‍ക്കാരെന്ന് അവര്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

അതിക്രമിച്ചു കടക്കല്‍, ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സി.ജെ.പി നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നതെന്ന് രത്‌ന സിങ് നേരത്തെ അറിയിച്ചിരുന്നു. രാത്രി വൈകുന്നതുവരെ അഭിഭാഷകരെ കാണാന്‍ ഇവരെ അനുവദിച്ചിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു സ്വകാര്യ വാനിലാണ് ഇവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചതെന്നും രത്‌ന പറഞ്ഞിരുന്നു. ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കിടയിലും അവരുടെ മനോവീര്യം ഒട്ടും ചോര്‍ന്നുപോയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജന്തര്‍ മന്ദര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദല്‍ഹി പൊലീസ് ഈ തിങ്കളാഴ്ച ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സി.ജെ.പി നേതാക്കളുടെ മിന്നല്‍ പ്രതിഷേധം. ജന്തര്‍ മന്ദര്‍ പ്രതിഷേധിക്കാനുള്ള സ്ഥലമാണെന്നും അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും സി.ജെ.പി വ്യക്തമാക്കിയിരുന്നു.

ജന്തര്‍ മന്ദര്‍ തിരിച്ച് പിടിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിഷേധത്തെക്കുറിച്ച് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ പ്രതികരിച്ചിരുന്നു. ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാനുള്ള അനുമതി നിഷേധിച്ചാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Protest at Jantar Mantar:  CJP’s Saurav Das and Ashutosh Ranka sent to 5 days judicial custody

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more