ക്യാന്‍ബറ: ഗസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല (Global Sumud Flotilla)യിലെ മനുഷ്യാവകാശ പ്രവര്‍ത്തകരോടുള്ള ഇസ്രഈലിന്റെ ക്രൂരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധം.
ചൊവ്വാഴ്ച പാര്‍ലമെന്റിലെ മാര്‍ബിള്‍ ഫോയറില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ ഇസ്രഈലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇസ്രഈല്‍ അധികൃതര്‍ ഫ്ളോട്ടില്ല പ്രവര്‍ത്തകരെ തടങ്കലില്‍ വെച്ചിരിക്കുന്ന രീതിയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതിനായി കൈകള്‍ പിന്നില്‍ കെട്ടി മുട്ടുകുത്തി നിന്നായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും ഗസയിലെ വംശഹത്യക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ പിന്നീട് നീക്കം ചെയ്തു.
ഫ്ളോട്ടില്ലയിലുണ്ടായിരുന്ന ഓസ്ട്രേലിയക്കാര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ തടങ്കലില്‍ വെച്ച് ഇസ്രഈല്‍ സൈന്യത്തില്‍ നിന്നും നേരിട്ട അതിക്രൂരമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
തടങ്കലിലായിരുന്ന സമയത്ത് അതിശക്തമായ മര്‍ദനവും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വന്നതായി ഇവര്‍ ആരോപിക്കുന്നു. വൈദ്യുതാഘാതം ഏല്‍പ്പിക്കുക, പ്രവര്‍ത്തകരെ നഗ്‌നരാക്കി ഓടിക്കുക തുടങ്ങിയ ക്രൂരമായ നടപടികള്‍ ഇസ്രഈല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ വെച്ച് കപ്പലുകള്‍ തടഞ്ഞ ശേഷം പ്രവര്‍ത്തകരെ മുട്ടുകുത്തി നിര്‍ത്തി ഇസ്രഈല്‍ പതാക വീശി വംശീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.
തീവ്ര വലതുപക്ഷ വാദിയും ഇസ്രഈല്‍ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ അപമാനിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെ ബെന്‍ ഗ്വിറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ തടവുകാര്‍ പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണങ്ങള്‍ ഇസ്രഈല്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.
Content Highlight: Protest at Australian Parliament House against Israel’s treatment of Gaza flotilla activists.