തേസ്പൂര്‍: അസമിലെ തേസ്പൂര്‍ സര്‍വകലാശാലയിലെ വിസി ശംഭുനാഥ് സിങ്ങിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ തടഞ്ഞ് പ്രതിഷേധക്കാര്‍.
സാമ്പത്തിക ക്രമക്കേടുകള്‍, ദീര്‍ഘകാലമായുള്ള അവധി, ഭരണ സ്തംഭനം തുടങ്ങിയ നിരവധി ആരോപണങ്ങളുന്നയിച്ച് വി.സിക്കെതിരെ വിദ്യാര്‍ത്ഥികളും സര്‍വകലാശാല ജീവനക്കാരും കഴിഞ്ഞ സെപ്റ്റംബര്‍ മാസം അവസാനം മുതല്‍ പ്രതിഷേധത്തിലാണ്. അസമിലെ രണ്ട് കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നാണ് തേസ്പൂര്‍ സര്‍വകലാശാല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉന്നതതല സംഘം സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയത്.
യു.ജി.സി ആക്ടിങ് ചെയര്‍ പേഴ്‌സണും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ക്യാമ്പസില്‍ എത്തിയത്. വലിയ പ്രതിഷേധമാണ് സര്‍വകലാശാലയില്‍ വന്നിറങ്ങിയ സംഘത്തെ സ്വാഗതം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തേസ്പൂര്‍ സര്‍വകലാശാലയിലെ വി.സിക്കെതിരായ പ്രതിഷേധം Photo: AT Image
കേന്ദ്ര സംഘം വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി വരെ യോഗം നീണ്ടുനിന്നു.
എന്നാല്‍, യോഗത്തില്‍ പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാത്ത കേന്ദ്ര സംഘത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കേന്ദ്ര സംഘത്തിനെ പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ അര്‍ധരാത്രിയായിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയിരുന്നില്ല.
പ്രതിഷേധങ്ങള്‍ക്കിടെ വി.സി ശംഭുനാഥ് സിങ് വ്യാഴാഴ്ച അടിയന്തിര മാനേജ്‌മെന്റ് ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തിരുന്നു. സെപ്റ്റംബറില്‍ പ്രതിഷേധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ശംഭുനാഥ് ക്യാമ്പസില്‍ എത്തിയത്.
തന്റെ അഭാവത്തില്‍ പ്രൊഫ. ജോയ ചക്രവര്‍ത്തിയെ പ്രോ വി.സിയായി നിയമിക്കാന്‍ യോഗത്തില്‍ വെച്ച് അദ്ദേഹം തീരുമാനവുമെടുത്തു. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ചക്രവര്‍ത്തി.
Content Highlight: Protest against VC at Tezpur University: Students block central team from reaching and leaving campus