കാസർഗോഡ്: കുമ്പളയിൽ ടോൾ പിരിവിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയും മഞ്ചേശ്വരം എം.കെ.എം അഷ്റഫ് എം.എൽ.എ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
25 കിലോമീറ്ററിനിടെ രണ്ടിടത്താണ് ടോൾ പിരിവ് നടത്തുന്നതെന്നും സമരം തുടരുമെന്നും ടോൾ പൂട്ടിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഗതാഗതം തടസപ്പെടുത്തികൊണ്ടുള്ള സമരം അനുവദിക്കില്ലെന്ന മുന്നറിയിപ്പ് പൊലീസ് നേരത്തെ നൽകിയിരുന്നു.
7.45 മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ടോൾ പ്ലാസയുടെ നൂറുമീറ്റർ അകലെയായിരുന്നു പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധക്കാരെ തടഞ്ഞത്.
എന്നാൽ പ്രതിഷേധക്കാർ രണ്ട് സംഘങ്ങളായി ദേശീയ പാതയുടെ രണ്ടുഭാഗങ്ങളിലേക്ക് ഉപരോധം വ്യാപിച്ചു. പൂർണമായും ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധമാണുണ്ടായത്.
ടോൾ പ്ലാസയുടെ നിർമാണ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സംഘർഷ സാഹചര്യം കണക്കിലെടുത്ത് 500 ഓളം പൊലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു.
Content Highlight: Protest against toll collection in Kumbala; Protesters including MLA arrested