| Saturday, 21st June 2025, 9:36 am

കയ്യിലെ കാവി കൊടിയും വിവാദഭൂപടവും മാറ്റി ബി.ജെ.പി; ഭാരതാംബ വിഷയത്തില്‍ മലക്കം മറിഞ്ഞ് സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ നയം മാറ്റി ബി.ജെ.പി. ഭാരതാംബയുടെ കയ്യിലെ കാവി കൊടിയും പിന്നിലെ ഭൂപടവും ഒഴിവാക്കി ബി.ജെ.പി. സര്‍ക്കാരിന് എതിരായി സംഘടിപ്പിക്കുന്ന പ്രതിഷേധവുമായി സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തിന് വ്യത്യാസം വരുത്തിയത്.

ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭാരതമാതാവിന് പുഷ്പാര്‍ച്ചന നടത്തുന്നത് സംബന്ധിച്ചാണ് പോസ്റ്റര്‍.

അഭിമാനമാണ് ഭാരതാംബയെന്നും എല്‍.ഡി.എഫ്-യു.ഡി.എഫ് രാജ്യവിരുദ്ധ മുന്നണികളെ ഒറ്റപ്പെടുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളും പോസ്റ്ററില്‍ ഉന്നയിക്കുന്നുണ്ട്. പ്രതിഷേധ സൂചകമായ സെക്രട്ടറിയേറ്റിന് മുന്നില്‍ വി. മുരളീധരന്‍ ഭാരതമാതാവിന് പുഷ്പാര്‍ച്ചന നടത്തുമെന്നും പോസ്റ്ററിലുണ്ട്.

ഇതില്‍ ദേശീയ പതാക കൈയില്‍ പിടിച്ച് താമരയില്‍ ചവിട്ടി സിംഹത്തിനോടൊപ്പം നില്‍ക്കുന്ന ഭാരതാംബയാണുള്ളത്. കാവിക്കൊടിയും ഇന്ത്യയുടെ പൂര്‍ണമല്ലാത്ത ഭൂപടവും ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിവസങ്ങളായി തുടരുന്ന ഭാരതാംബ വിവാദങ്ങള്‍ക്കിടെ അണുവിട മാറാന്‍ തയ്യാറാകാതെ ഗവര്‍ണര്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബി.ജെ.പി വിവാദങ്ങള്‍ക്ക് വഴി വെക്കാതെ ഭാരതാംബയുടെ ചിത്രത്തിലെ വിവാദഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അതൃപ്തിയറിയിക്കുമെന്നും പറഞ്ഞിരുന്നു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി രാജ്ഭവന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെ മന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് ഗവര്‍ണറും രംഗത്തെത്തിയിരുന്നു.

ഗവര്‍ണര്‍ ഗവര്‍ണറുടെ ജോലി ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുമെന്നും അദ്ദേഹം ആര്‍.എസ്.എസുകാരനായാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയെന്ന നിലയില്‍ താന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്നും എന്നാല്‍ കാവിക്കൊടിയേന്തിയ പ്രസ്തുത ചിത്രത്തില്‍ തിരിതെളിയിക്കുന്ന ഗവര്‍ണറുടെ നടപടി ഏത് പ്രോട്ടോകോള്‍ പ്രകാരമാണെന്നും മന്ത്രി ചോദിച്ചിരുന്നു

രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് പരിപാടിയാണ് മന്ത്രി ബഹിഷ്‌ക്കരിച്ചത്. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഗവര്‍ണര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നാലെ ഇതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. നേരത്തെ പരിസ്ഥിതി ദിനത്തില്‍ മന്ത്രി പി. പ്രസാദും രാജ് ഭവനില്‍ സമാന ചിത്രം ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് പരിപാടി റദ്ദാക്കിയിരുന്നു.

Content Highlight: Protest against the government over the Bharatamba controversy; BJP removes the saffron flag from Bharatamba’s hand and puts on the Indian flag

We use cookies to give you the best possible experience. Learn more