ന്യൂദല്‍ഹി: പ്രളയക്കെടുതി നേരിടാന്‍ അടിയന്തര ധനസഹായമായി 1200 കോടി രൂപ ചോദിച്ചിട്ടും വെറും 100 കോടി മാത്രം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കേരളത്തോട് ബി.ജെ.പി സര്‍ക്കാര്‍ പകതീര്‍ക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
കാലവര്‍ഷക്കെടുതി കാരണം സംസ്ഥാനത്ത് 8316കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്നിരിക്കെ അടിയന്തര സഹായമായി 1220 കോടി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ 8% തുക മാത്രമാണ് അനുവദിച്ചത് എന്നിരിക്കെയാണ് കേന്ദ്ര നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയരുന്നത്.
Also Read:ഭംഗോര്‍ പദ്ധതി ഉപേക്ഷിക്കുന്നതായി മമത; ബംഗാളിലെ ചെങ്കൊടി സമരം വിജയം
“ബി.ജെ.പി/ആര്‍.എസ്.എസിനു ലഭിച്ച ക്രൗഡ് ഫണ്ടില്‍ നിന്നും കുറച്ചു പൈസയ്ക്കല്ല ഞങ്ങള്‍ ആവശ്യപ്പെട്ടത്. അര്‍ഹതപ്പെട്ട തുകയ്ക്കാണ്. ഓഖിയുടെ സമയത്തും ഇതുതന്നെയാണ് സംഭവിച്ചത്. 1800 കോടിക്ക് നമ്മള്‍ ചോദിച്ചു. കേന്ദ്രം നല്‍കിയത് 169 കോടതി. എന്നാല്‍ ഓഖി അധികമൊന്നും ബാധിക്കാത്ത ഗുജറാത്തിന് 1055 കോടിയും അനുവദിച്ചു.” എന്നാണ് ട്വിറ്ററില്‍ ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്.
കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ കേരളം പ്രതിഷേധിക്കണമെന്ന ആവശ്യവും ട്വിറ്ററില്‍ ഉയരുന്നുണ്ട്. ദുരന്തസമയത്ത് ചാണക രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയെന്നാണ് മറ്റൊരു പ്രതികരണം.
കുതിരക്കച്ചവടത്തിനും അധികാരം പിടിച്ചെടുക്കാനും ചിലവഴിക്കാന്‍ അവരുടെ പക്കല്‍ കോടിക്കണക്കിന് രൂപയുണ്ട്. എന്നാല്‍ പ്രകൃതി ദുരന്തത്തോട് പൊരുതുന്ന സാധാരണക്കാരെ സഹായിക്കാന്‍ പണമില്ലെന്നാണ് മറ്റൊരു വിമര്‍ശനം.
“ഇത് കേരള ജനതയോടുള്ള രാഷ്ട്രീയ അനീതിയാണ്. പ്രളയ സമയത്ത് കേരളത്തോട് കേന്ദ്രം കാണിച്ച മനോഭാവം കേരളീയര്‍ ഓര്‍ക്കണം. അതേ രീതിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അവരെ പുറന്തള്ളണം” എന്നും ആവശ്യമുയരുന്നുണ്ട്.
അതേസമയം പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദ് എന്ന യുവാവിന്റെ കുടുംബത്തിന് കേരളം പത്തുലക്ഷം നല്‍കിയ കാര്യം പറഞ്ഞാണ് ട്വിറ്ററില്‍ ചിലര്‍ രാജ്‌നാഥ് സിങ്ങിനെ പ്രതിരോധിക്കുന്നത്. ” ട്രെയിനില്‍ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് നല്‍കാന്‍ 10ലക്ഷം കേരള സര്‍ക്കാറിന്റെ പക്കലുണ്ട്. എന്നാല്‍ പ്രളയബാധിതര്‍ക്കു നല്‍കാന്‍ പണമില്ല.” എന്നാണ് ഇവരുടെ പ്രതികരണം.