| Tuesday, 24th February 2026, 10:09 am

എ.ഐ ഉച്ചകോടിയില്‍ മോദിക്കെതിരായ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍

അനിത സി

ന്യൂദല്‍ഹി: ഭാരത് മണ്ഡപില്‍ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ ടീഷര്‍ട്ടൂരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ബാനു ചിബ് അറസ്റ്റില്‍. ദല്‍ഹി പൊലീസാണ് ഉദയ് ബാനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് ഉദയ്ബാനുവിന് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വാദം.

ചൊവ്വാഴ്ച പത്ത് മണിയോടെ ഉദയ്ബാനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ദല്‍ഹിയിലെ സംഘടനാ ആസ്ഥാനത്തിന് സമീപം തമ്പടിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് എ.ഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ മുദ്രാവാക്യം വിളിച്ച് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധം രേഖപ്പെടുത്തിയത്.

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ മോദിയുടെ പേരുള്‍പ്പെട്ടതും പരാമര്‍ശിച്ചായിരുന്നു യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരുടെ കയ്യില്‍ മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രം പതിച്ച ടീഷര്‍ട്ടും ഉണ്ടായിരുന്നു.

പ്രതിഷേധം വലിയ ചര്‍ച്ചയായതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗമോഹന്‍ റെഡ്ഡിയും ഉള്‍പ്പടെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു.

ആഗോള വേദിയില്‍ രാജ്യത്തെ നാണംകെടുത്തുന്ന പ്രതിഷേധത്തില്‍ നിന്നും വിട്ടുമില്‍ക്കാമായിരുന്നെന്നും മോദിക്കെതിരെ പ്രതിഷേധിക്കാന്‍ മറ്റൊരു വേദി തെരഞ്ഞെടുക്കാമായിരുന്നുവെന്നും ഇന്ത്യാ ബ്ലോക്കിലെ മുന്നണികള്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ബി.ജെ.പി കോണ്‍ഗ്രസിനെതിരെ ഈ പ്രതിഷേധം ഒരു രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് റാലികളിലുള്‍പ്പടെ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസിനെ അവഹേളിക്കുകയാണ് ബി.ജെ.പി നേതാക്കള്‍.

വൃത്തികെട്ടതും നഗ്നവുമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും രാജ്യത്തിന് സന്തോഷം വരുന്ന കാര്യങ്ങള്‍ അവര്‍ മുടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മീററ്റില്‍ ഒരു റാലിക്കിടെ പറഞ്ഞിരുന്നു.

Content Highlight: Protest against PM Modi at AI Summit: Youth Congress National President arrested in Delhi

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more