ബെംഗളൂരു: നമ്മ മെട്രോ നിരക്ക് വര്‍ധനവിനെതിരെ ബെംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ യുവ മോര്‍ച്ച പ്രസിഡന്റും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യയെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്.
ഒഴിഞ്ഞ ട്രങ്ക് കയ്യില്‍ വെച്ച് കൊണ്ടായിരുന്നു പ്രതിഷേധം. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം കര്‍ണാടക സര്‍ക്കാര്‍ വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുകയാണെന്ന് തേജസ്വി സൂര്യ ആരോപിച്ചു.
മെട്രോ നിരക്കുകള്‍ കണക്കാക്കുന്നതില്‍ ആര്‍ക്കാണ് അധികാരം എന്നതിനെ ചൊല്ലി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും കേന്ദ്രവും പരസ്പരം പഴിചാരല്‍ തുടരുന്നതിനിടെയാണിത്.
നിര്‍ദ്ദിഷ്ട് നിരക്ക് വര്‍ധനവിന് കാരണം മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു.
‘റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നത് ലജ്ജാകരമാണ്. ബെംഗളൂരു നിവാസികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പൊതുഗതാഗതം ലഭ്യമാക്കണമെന്ന ആവശ്യമാണ് ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
മെട്രോ യാത്രാ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സിദ്ധരാമയ്യ ഒരു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ചൂണ്ടികാണിച്ച് കൊണ്ട്, നിരക്ക് നിശ്ചയിക്കാനോ വര്‍ദ്ധിപ്പിക്കാനോ അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ നിലവിലെ നിലപാടിനെയും സൂര്യ ചോദ്യം ചെയ്തു.
എന്നാല്‍ മെട്രോ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും അത് പ്രകാരമാണ് നിരക്ക് വര്‍ധനവ് നിര്‍ത്തിവെച്ചതെന്നും തേജസ്വി സൂര്യ അവകാശപ്പെട്ടിരുന്നു.
അതേസമയം ബി.ജെ.പി വിഷയം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു ആരോപിച്ചു.
യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കരുതെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ കേന്ദ്രത്തിന് കത്തെഴുതിയിരുന്നുവെന്നും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കേന്ദ്രത്തിനും തുല്യ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം നിര്‍ത്തിവെച്ചതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍ ) ഞായറാഴ്ച്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യാ ഗവണ്‍മെന്റിന്റെയും കര്‍ണാടക ഗവണ്‍മെന്റിന്റെയും സംയുക്ത സംരംഭമാണ് ബി.എം.ആര്‍.സി.എല്‍.
Content Highlight: Protest against metro fare hike; BJP MP Tejaswi Surya in custody; Karnataka says Centre increased fare