| Friday, 25th September 2026, 3:52 pm

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുക; ദല്‍ഹിയില്‍ തെരുവിലിറങ്ങി ആയിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലും ജന്തര്‍ മന്തറിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസങ്ങൡ ദ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചത്.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തിലെത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. രാജ്യത്തിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടന്നു.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ദല്‍ഹിയിലെ പ്രതിഷേധം.

എസ്.ഐ.ആര്‍ തുടങ്ങിയതിനുശേഷം മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ത്തന്നെ വിഷയത്തില്‍ എതിര്‍പ്പുകളുയര്‍ന്നതായി ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 14 തവണ എസ്.ഐ.ആര്‍ നടപടികളെ ഔദ്യോഗിക റെക്കോര്‍ഡില്‍ എതിര്‍ത്തതായാണ് കണ്ടെത്തിയത്.

ഗ്യാനേഷ് അടിയന്തരമായി രാജിവെക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം ആവശ്യപ്പെട്ടത്.

ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം തുടങ്ങുമെന്ന് സി.ജെ.പി ഇന്നലെ (സെപ്തംബര്‍ 25, വ്യാഴം) പ്രഖ്യാപിച്ചിരുന്നു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗ്യാനേഷ് കുമാര്‍ രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകസമരം നടത്തുമെന്ന് സി.ജെ.പി നേതാക്കള്‍ പറഞ്ഞത്.

Content Highlight: Protest against ECI Gyanesh Kumar Demanding Impeachment

Latest Stories

We use cookies to give you the best possible experience. Learn more