| Tuesday, 10th June 2025, 3:02 pm

ദൽഹിയിൽ പൊളിക്കൽ നടപടികൾക്കെതിരെ പ്രതിഷേധം; അതിഷി അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പൊളിക്കൽ നടപടികൾക്കെതിരെ ദൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൽക്കാജി എക്സറ്റൻഷനിലെ ഭൂമി ഹീൻ ക്യാമ്പിൽ ദൽഹി വികസന അതോറിറ്റി നടത്തിയ പൊളിക്കൽ നടപടികൾക്കെതിരെ പ്രതിഷേധിക്കവേയാണ് അറസ്റ്റ്.

സ്ഥലത്തെ എല്ലാ താമസക്കാരും അവരുടെ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് ഡി.ഡി.എ ഔദ്യോ​ഗിക നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ പൊളിക്കൽ നടപടികളുമായി രം​ഗത്തെത്തിയത്.

അനധികൃത കുടിയേറ്റമാണ് ഭൂമി ഹീൻ ക്യാമ്പിൽ ഉണ്ടായതെന്നാണ് വിവരം. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അധികൃതർ പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ബി.ജെ.പി സർക്കാരിന്റെ ഏകപക്ഷീയമായ നടപടി കാരണം നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നതെന്ന് അതിഷി വ്യക്തമാക്കി. ആയിരക്കണക്കിന് കുടുംബങ്ങളെ പിന്തുണക്കാനാണ് താനിവിടെ എത്തിയതെന്നും അതിഷി പറഞ്ഞു. പ്രദേശവാസികൾ ഒരിക്കലും ക്ഷമിക്കില്ലെന്നും ഇനി ഒരിക്കലും ബി.ജെ.പി അധികാരത്തിൽ തിരിച്ച് വരില്ലെന്നും അതിഷി കൂട്ടിച്ചേർത്തു.

എന്നാൽ പൊളിക്കൽ നടക്കുന്ന സ്ഥലത്തേക്ക് പോകുന്നത് സുരക്ഷിതമല്ലെന്നും ഡി.ഡി.എ നോട്ടീസ് പ്രകാരം ജൂൺ എട്ട്, ഒമ്പത്, പത്ത് ദിവസങ്ങൾക്കുള്ളിൽ താമസക്കാരോട് സ്വമേധയാ ഒഴിഞ്ഞ് പോകണമെന്ന് നിർദേശിച്ചിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Content Highlight: Protest against demolition in Delhi; Atishi arrested

We use cookies to give you the best possible experience. Learn more