ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂരില്‍ ബോബ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതോടെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെയും സുരക്ഷാസേനയുടെയും തീവ്ര ശ്രമങ്ങള്‍ കൂടുതല്‍ ജീവനുകള്‍ കവരുന്നു.
കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി തേടി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റ ഒരാളാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു.
ഇംഫാലിലെലെ വാങ്‌ഖെയ് പ്രദേശത്തെ പ്രതിഷേധത്തിനിടെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. കോര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി (COCOMI)യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
ബിഷ്ണുപൂരില്‍ കുട്ടികളുടെ മരണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ്ങിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു.
കുട്ടികളുടെ കൊലപാതകത്തിന് കാരണക്കാരയവരെ കണ്ടെത്തുന്നതിനായി ആരംഭിച്ച കോമ്പിങ് ഓപ്പറേഷനില്‍ യു.കെ.എന്‍.എയിലെ മൂന്ന് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി മണിപ്പൂര്‍ പൊലീസ് ബുധനാഴ്ച അറിയിച്ചു. ജാംപാവോ കുക്കി, സസാങ്, പൗലാലം വൈഫായ് എന്നിവരെയാണ് പിടികൂടിയതെന്നും ഇവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
എ.കെ.47, റൈഫിള്‍, പിസ്റ്റള്‍, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, അറസ്റ്റിലായവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് യു.കെ.എന്‍.എ പ്രതികരിച്ചു.
കുക്കി-മേയ്‌തേയ് വിഭാഗക്കാര്‍ തമ്മില്‍ വംശീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേയ്‌തേയ് വിഭാഗത്തിന് സ്വാധീനമുള്ള ജില്ലകളില്‍ ഇപ്പോഴും കര്‍ഫ്യൂ നിലവിലുണ്ട്. ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണത്തിനും ഇളവില്ല.
Content Highlight: Protest against Chief Minister in Manipur; One killed in security forces firing; death toll rises to five