2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത അഭിനേതാവാണ് നിവിന്‍ പോളി. തട്ടത്തിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ അടുത്ത സൂപ്പര്‍ താരം എന്ന വിശേഷണത്തിന് താരം അര്‍ഹനായെങ്കിലും പിന്നാലെയെത്തിയ തുടര്‍ പരാജയങ്ങള്‍ താരത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
Photo: District
2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നിവിന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയം നേരിടേണ്ടി വന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരികയായിരുന്നു. എന്നാല്‍ വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയായാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി 150 കോടിയോളം നേടിയ സര്‍വ്വം മായയുമായി നിവിന്‍ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് പോസിറ്റീവ് ലഭിച്ചപ്പോള്‍ ഫാമിലി ഓഡിയന്‍സടക്കം തിയേറ്ററുകളിലേക്കെത്തിയതായിരുന്നു സര്‍വ്വം മായയുടെ വന്‍വിജയത്തിന് പ്രധാന കാരണം. റോം-കോം ഴോണറില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് ഒരിക്കല്‍ കൂടെ സൂചന നല്‍കുന്നതായിരുന്നു നിവിന്റെ മടങ്ങി വരവ്.
ഇതിന് ശേഷം പുറത്തിറങ്ങിയ ബേബി ഗേളിനും പ്രതിഛായക്കും തിയേറ്ററുകളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഏവരും പ്രതീക്ഷ അര്‍പ്പിക്കുന്നത് ഓണം റിലീസായെത്തുന്ന ബെത്‌ലഹേം കുടുംബയൂണിറ്റിലാണ്. എന്നാല്‍ നിവിന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ടായിരുന്നു നിവിന്‍ പോളിയുടെ കരിയറിലെ അമ്പത്തിഒന്നാമത്തെ ചിത്രത്തിന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ തുടക്കമിട്ടത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങായിരുന്നു കൊച്ചിയില്‍ നടന്നത്. കന്നട, തെലുങ്ക് സിനിമകളിലെ സെന്‍സേഷനായ രുക്മിണി വാസന്താണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്ന വാര്‍ത്തയാണ് പ്രൊജക്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിനിമാപേജുകളില്‍ നിറയുന്നത്.
Photo: IMDB
കാന്താര ചാപ്റ്റര്‍ വണ്‍, വരാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്ക് ഉള്‍പ്പടെ വമ്പന്‍ ചിത്രങ്ങളുടെ ഭാഗമായ രുക്മിണി വാസന്ത് ആദ്യമായി മലയാളത്തിലേക്കത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളി-അജു വര്‍ഗീസ് ഹിറ്റ് കൂട്ടുകെട്ട് ചിത്രത്തില്‍ ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്ലസാണ്. ഈ കാരണങ്ങളാല്‍ തന്നെ ചിത്രത്തിനായുള്ള പ്രതീക്ഷകളും ഒരുപാടാണ്. അതേസമയം നിവിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനൊപ്പം ചെയ്യുന്ന വിജയവും നിവിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
Content Highlight: Promising projects to be done by Nivin Pauly starring Rukmini Vasanth