| Friday, 27th March 2026, 7:32 am

അന്ന് പുഷ്പ 2, ഇന്ന് ധുരന്ധര്‍ 2, ഐമാക്‌സിന് വേണ്ടി ഒരുക്കിയ ഹോളിവുഡ് സിനിമകളുടെ സ്‌ക്രീന്‍ മുടക്കി ഇന്ത്യന്‍ സിനിമകള്‍

അമര്‍നാഥ് എം.

ഹോളിവുഡ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പ്രൊജക്ട് ഹെയില്‍ മേരി. റയാന്‍ ഗോസ്‌ലിങ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഈ വര്‍ഷത്തെ ഗംഭീര സിനിമാനുഭവങ്ങളിലൊന്നാണ്. സൈ-ഫൈ ഴോണറിലൊരുങ്ങിയ ചിത്രം ഗംഭീര വിഷ്വല്‍ ട്രീറ്റാണ്. എന്നാല്‍ ഇന്ത്യയിലെ സിനിമാപ്രേമികള്‍ക്ക് പ്രൊജക്ട് ഹെയില്‍ മേരി അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാനാകാത്ത അവസ്ഥയാണ്.

ഐമാക്‌സിന് വേണ്ടി ഒരുക്കിയ ചിത്രമാണ് പ്രൊജക്ട് ഹെയില്‍ മേരി. എന്നാല്‍ ഇന്ത്യയില്‍ ചിത്രത്തിന് ആകെ 60നടുത്ത് ഐമാക്‌സ് ഷോസ് മാത്രമേയുള്ളൂ. പലയിടത്തും ചിത്രത്തിന് പ്രൈം ടൈം ഷോയില്ലാത്തതും നല്ല സ്‌ക്രീനുകളില്ലാത്തതും തിരിച്ചടിയായി മാറിയിരിക്കുകയാണ്. മുംബൈയില്‍ മൂന്ന്, പൂനെയില്‍ രണ്ട്, കോയമ്പത്തൂരിലും കൊച്ചിയിലും ഓരോ സ്‌ക്രീന്‍ എന്നിങ്ങനെയാണ് ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട്.

ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 ഐമാക്‌സ് വേര്‍ഷനില്‍ പുറത്തിറങ്ങിയതാണ് പ്രൊജക്ട് ഹെയില്‍ മേരിക്ക് തിരിച്ചടിയായത്. പലയിടത്തും ആളുകള്‍ ധുരന്ധര്‍ 2നാണ് പ്രധാന്യം നല്‍കുന്നത്. ഇതോടെ പ്രൊജക്ട് ഹെയില്‍ മേരിക്ക് ആവശ്യത്തിന് ഐമാക്‌സ് സ്‌ക്രീനുകള്‍ ലഭിക്കാത്ത അവസ്ഥയായി. ഇതാദ്യമായല്ല ഇന്ത്യന്‍ സിനിമകള്‍ ഹോളിവുഡ് ചിത്രങ്ങളുടെ ഐമാക്‌സ് സ്‌ക്രീനിങ്ങിന് വഴിമുടക്കുന്നത്.

2024ല്‍ പുഷ്പ 2 ഇത്തരത്തില്‍ ഐമാക്‌സ് വേര്‍ഷനും പുറത്തിറക്കിയിരുന്നു. ഇക്കാരണം കൊണ്ട് ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിന്റെ റീ റിലീസ് ഇന്ത്യയില്‍ നടക്കാതെ പോയി. ഇന്റര്‍സ്‌റ്റെല്ലാറിന്റെ 10ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഐമാക്‌സ് റീലീസ് ലോകമെമ്പാടും നടന്നപ്പോള്‍ ഇന്ത്യയിലെ സിനിമാപ്രേമികള്‍ക്ക് അത് കാണാനുള്ള ഭാഗ്യമില്ലാതെ പോയി. പിന്നീട് 2025 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഐമാക്‌സ് വേര്‍ഷന്‍ പുറത്തിറക്കുകയായിരുന്നു.

ഐമാക്‌സില്‍ കാണാന്‍ വേണ്ടി ഒരുക്കിയ വിഷ്വല്‍ ട്രീറ്റായ പ്രൊജക്ട് ഹെയില്‍ മേരി, ഇന്റര്‍സ്റ്റെല്ലാര്‍ എന്നീ ചിത്രങ്ങള്‍ക്ക് പകരം ഐമാക്‌സിലേക്ക് എന്‍ഹാന്‍സ് ചെയ്ത ഇന്ത്യന്‍ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുന്നതില്‍ ഒരുവിഭാഗം സിനിമാപ്രേമികള്‍ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. പ്രൈം ഷോയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ തുല്യതയും വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.

ധുരന്ധര്‍ 2ന്റെ വിതരണക്കാരായ പി.വി.ആര്‍ പിക്‌ചേഴ്‌സ് അവരുടെ ഐമാക്‌സ് സ്‌ക്രീനുകളെല്ലാം ധുരന്ധറിന് നല്‍കിയതാണ് പ്രൊജക്ട് ഹെയില്‍ മേരിക്ക് സ്‌ക്രീനുകള്‍ ലഭിക്കാത്തതിന്റെ കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. പി.വി.ആറിന്റെ കീഴിലല്ലാത്ത ചുരുക്കം ഐമാക്‌സ് സ്‌ക്രീനുകള്‍ മാത്രമാണ് ഇപ്പോള്‍ ഹോളിവുഡ് സിനിമകള്‍ക്ക് ലഭിക്കുന്നത്.

Content Highlight: Project Hail Mary movie didn’t get enough Imax Screens because of Dhurandhar 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more