തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയാണെന്ന വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെ വേണം നാം ഈ ദിനത്തെ വരവേല്‍ക്കേണ്ടതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ലിംഗസമത്വ മനോഭാവത്തിലും പൊതു സുരക്ഷയിലും കേരളം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ഇതിന്റെയെല്ലാം പ്രതിഫലനമാണ് തൊഴില്‍ സേനയിലും ഭരണരംഗത്തുമുള്ള സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രസ്മരണകള്‍ പുതുക്കാനും തുല്യനീതിയെക്കുറിച്ചൂള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കാനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുമെന്ന് പ്രതിജ്ഞ പുതുക്കാനും ഈ ദിനം നമുക്ക് പ്രചോദനമാകണം.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേര്‍ക്ക് ഉയരുന്ന വെല്ലുവിളികളെ മറികടന്നു തുല്യനീതിയുടെയും ലിംഗസമത്വത്തിന്റേയും പുതിയ കാലം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. അവകാശങ്ങള്‍ക്കായുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ സമൂഹം ഒന്നാകെ കൂടെനില്‍ക്കേണ്ടതുണ്ട്,’ പിണറായി വിജയന്‍ പറഞ്ഞു.
എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പൂര്‍ണ്ണ തോതില്‍ ഉറപ്പാക്കുന്ന, അവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനും സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കാനും കഴിയുന്ന ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വനിതാദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രസ്മരണകള്‍ പുതുക്കാനും തുല്യനീതിയെക്കുറിച്ചൂള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കാനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുമെന്ന് പ്രതിജ്ഞ പുതുക്കാനും ഈ ദിനം നമുക്ക് പ്രചോദനമാകണം.
സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയാണെന്ന വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെ വേണം നാം ഈ ദിനത്തെ വരവേല്‍ക്കാന്‍.
സ്ത്രീ ശാക്തീകരണവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതില്‍ രാജ്യത്തിന് തന്നെ എക്കാലത്തും മാതൃകയാകുന്ന ജനകീയ ബദല്‍ നയങ്ങളാണ് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രാജ്യത്താദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും ലിംഗ സമത്വത്തിലൂന്നിയ ജെന്റര്‍ ബജറ്റ് അവതരിപ്പിച്ചതും സര്‍ക്കാരിന്റെ ആ നയങ്ങളുടെ ഭാഗമായാണ്.
35നും 60നും ഇടയില്‍ പ്രായമുള്ള, യാതൊരു ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. 10 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1000 രൂപയാണ് ഇതുവഴി ലഭ്യമാക്കുന്നത്.
2021-ലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഗാര്‍ഹിക വൃത്തി ചെയ്യുന്ന സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സ്ത്രീ സുരക്ഷാ പെന്‍ഷനിലൂടെ യാഥാര്‍ത്ഥ്യമായത് ഈ ഉറപ്പാണ്.
ലിംഗസമത്വ മനോഭാവത്തിലും പൊതു സുരക്ഷയിലും കേരളം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിന്റെയെല്ലാം പ്രതിഫലനമാണ് തൊഴില്‍ സേനയിലും ഭരണരംഗത്തുമുള്ള സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേര്‍ക്ക് ഉയരുന്ന വെല്ലുവിളികളെ മറികടന്നു തുല്യനീതിയുടെയും ലിംഗസമത്വത്തിന്റേയും പുതിയ കാലം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. അവകാശങ്ങള്‍ക്കായുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ സമൂഹം ഒന്നാകെ കൂടെനില്‍ക്കേണ്ടതുണ്ട്.
എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പൂര്‍ണ്ണ തോതില്‍ ഉറപ്പാക്കുന്ന, അവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനും സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കാനും കഴിയുന്ന ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നമുക്ക് ഒന്നിച്ച് മുന്നേറാം.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകള്‍.
Content Highlight: Progress of women is progress of society; CM wishes women on Women’s Day