[share]
[]കോതമംഗലം: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട പ്രൊഫ. ടി.ജെ. ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കാലത്ത് ഒമ്പതരയോടെയാണ് സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പം പ്രൊഫ. ജോസഫ് കോളജില്‍ എത്തിയത്. ദിവസങ്ങള്‍ക്ക മുമ്പ് ജീവനൊടുക്കിയ ഭാര്യ സലോമിയുടെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം കോളജില്‍ എത്തിയത്. നാലു വര്‍ഷത്തെനിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പ്രൊഫ. ജോസഫ് കോളജില്‍ എത്തിയത്.
ഇന്നലെ രാത്രിയോടെ കോതമംഗലം രൂപത അധികൃതര്‍ നിയമന ഉത്തരവ് കൈമാറിയിരുന്നു. രാവിലെ ഒമ്പതരയ്ക്ക് കോളേജില്‍ എത്താനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. മുഴുവന്‍ ആനുകൂല്യങ്ങളോടെയും വിരമിക്കാന്‍ സൗകര്യം ഒരുക്കാമെന്നാും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കോളേജ് മാനേജ്‌മെന്റ് പ്രതിനിധി വൈകിട്ടോടെ ജോസഫിന്റെ വീട്ടിലെത്തിയാണ് കോളേജിലേക്ക് തിരികെ പ്രവേശനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയത്. ഈ മാസം വിരമിക്കാനിരിക്കെയാണ് പ്രൊഫ. ജോസഫിന് വീണ്ടും നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 31-ന് റിട്ടയര്‍ ആകുന്ന ടി.ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമേ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുകയുള്ളൂ.
ടി.ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ജോസഫിനെ തിരിച്ചെടുക്കാന്‍ സഭ കാണിക്കുന്ന വിമുഖത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനമെടുത്തത്.
ട്രിബ്യൂണല്‍ ഉത്തരവ് വൈകിയതാണ് നിയമനം വൈകാന്‍ കാരണമായതെന്ന് കഴിഞ്ഞ ദിവസം കോതമംഗലം രൂപത ബിഷപ്പ് വ്യക്തമാക്കിയിരുന്നു.
ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്ത് വെച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി ഒരു കൂട്ടം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
പിന്നീട് ടി.ജെ ജോസഫ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും ജോലിയില്‍ തിരികെയെടുക്കാന്‍ മാനേജ്‌മെന്റ് താല്‍പര്യം പ്രകടിപ്പിച്ചില്ല.
ഇതിന്റെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.