| Monday, 25th May 2026, 9:09 am

രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയുടെ തിരുവനന്തപുരം മാസ്; ഷൂട്ടിങ് ഉടൻ

കെ.എസ് ഷാബിന

മലയാള സിനിമയിൽ പുതിയൊരു തരംഗത്തിന് വഴിയൊരുക്കിക്കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർഹിറ്റ് ചിത്രം ‘ഫാലിമി’യുടെ സംവിധായകൻ നിതീഷ് സഹദേവും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന സൂചന നൽകി സംവിധായകൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ‘കമിങ് സൂൺ’ എന്ന ക്യാപ്ഷനോടെയാണ് നിതീഷ് ഈ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. മമ്മൂട്ടിയുടെ സ്വന്തം നിർമാണം കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യാണ് ഈ വമ്പൻ പ്രോജക്ട് നിർമിക്കുന്നത്.

കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു പക്കാ ഡാർക്ക് ഹ്യൂമർ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും. തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്റർ ആയിട്ടാണ് മമ്മൂട്ടി ഇതിൽ വേഷമിടുന്നത്. 2005-ൽ പുറത്തിറങ്ങിയ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ‘രാജമാണിക്യം’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

മമ്മൂട്ടി,നിതീഷ് സഹദേവ്.Photo:Instagram

ഏകദേശം ഒരു വർഷത്തോളമായി അണിയറപ്രവർത്തകർ ഈ പ്രോജക്റ്റിന്റെ പണിപ്പുരയിലായിരുന്നു. നൂറ് ദിവസത്തോളം നീണ്ടുനിൽക്കുന്ന വലിയൊരു ഷെഡ്യൂളാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്തിടെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പദയാത്ര’യുടെ ചിത്രീകരണവും താരം പൂർത്തിയാക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ തിയേറ്റർ ഹിറ്റായ ‘വാഴ’യുടെ തിരക്കഥാകൃത്ത് അനുരാജ് ഒ.ബിയും നിതീഷും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. നിതീഷ് സഹദേവിന്റെ രണ്ടാമത്തെ ചിത്രമാണിത്. മുമ്പ് ‘മുത്തുഗൗ’, ‘ഒരു മുത്തശ്ശി ഗഥ’ എന്നീ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

രാജമാണിക്യം.Photo:Filmybeat/Instagram

മമ്മൂട്ടിയുടെ മാസ് പ്രകടനവും തിരുവനന്തപുരം സ്ലാങ്ങും വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ വലിയ ആകാംക്ഷയിലാണ് ആരാധകർ. പ്രഖ്യാപനം വന്നതുമുതൽ വലിയ ചർച്ചയായ പ്രോജക്റ്റിന്റെ ഷൂട്ടിങ് ഉടൻ ഉണ്ടാകുമെന്ന് സംവിധായകൻ നേരിട്ട് വ്യക്തമാക്കിയതോടെ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും മീമുകളും സജീവമായിക്കഴിഞ്ഞു.

Content Highlight: Production starts soon on ‘Falimy’ director’s new Mammootty film

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more