സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒന്നിക്കുന്ന ‘പരം സുന്ദരി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതായി കണ്ടന്റ് ക്രിയേറ്റര്‍മാര്‍. ഗായികയും ആര്‍.ജെയുമായ പവിത്ര മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ വീഡിയോകളാണ് നീക്കം ചെയ്യപ്പെട്ടത്. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതല്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ വിമര്‍ശനം ഉയരുകയും ട്രെയ്‌ലര്‍ ട്രോളുകളില്‍ മുങ്ങുകയും ചെയ്തിരുന്നു.
ട്രെയ്‌ലറിലെ ജാന്‍വിയുടെ കഥാപാത്രം മലയാളം സംസാരിക്കുന്ന രീതിയെ വിമര്‍ശിച്ചാണ് പോസ്റ്റുകള്‍ വന്നത്. വ്‌ലോഗര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും പോസ്റ്റ് ചെയ്ത ഈ വീഡിയോകളാണ് ഇപ്പോള്‍ സിനിമയുടെ നിര്‍മാതാക്കള്‍ നീക്കം ചെയ്തിരിക്കുന്നത്.
ഒരു മലയാളി നടിയെ എന്തുകൊണ്ടാണ് പ്രധാന വേഷത്തിനായി തെരഞ്ഞെടുക്കാത്തത് എന്ന് നടി കൂടിയായ പവിത്ര മേനോന്‍ വീഡിയോയില്‍ ചോദിച്ചിരുന്നു. കേരളത്തിലെ സ്ത്രീകള്‍ മുല്ലപ്പൂ ധരിച്ച് മോഹിനിയാട്ടം ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു. അധികം വൈകാതെ പവിത്രയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. മാഡോക്ക് ഫിലിംസിന്റെ പകര്‍പ്പവകാശവാദം ഉദ്ധരിച്ചായിരുന്നു ഇന്‍സ്റ്റാഗ്രാമിന്റെ ഈ നടപടി.
എന്നാല്‍ നടി വിമര്‍ശനം ആവര്‍ത്തിച്ച് വീഡിയോ വീണ്ടും അപ്ലോഡ് ചെയ്തു. ശരിയായി ഒരു മലയാളി നടിയെ തെരഞ്ഞെടുക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും നമുക്ക് കഴിവ് കുറവാണോ എന്നും പവിത്ര ചോദിച്ചു. തങ്ങള്‍ എല്ലായിടത്തും മുല്ലപ്പൂക്കള്‍ ധരിക്കുകയോ ഓഫീസുകളിലും വീടുകളിലും മോഹിനിയാട്ടം നടത്തുകയോ ചെയ്യാറില്ലെന്നും അവര്‍ പറഞ്ഞു. അഭിനേതാക്കള്‍ ഉച്ചാരണത്തില്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ തിരുവനന്തപുരം എന്നതിന് പകരം ട്രിവാന്‍ഡ്രം എന്ന് പറഞ്ഞാല്‍ മതി തങ്ങള്‍ക്ക് സന്തോഷമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പവിത്രയുടെ വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ വേദാംഗി എന്ന കണ്ടന്റ് ക്രിയേറ്ററും പരംസുന്ദരിയുടെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തി. ട്രെയ്‌ലറിനെ വിമര്‍ശിച്ചതിന് ശേഷമാണ് തന്റെ വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്ന് വേദാംഗി ആരോപിച്ചു.
Content Highlight: Producers remove videos against Param Sundari trailer