| Saturday, 10th January 2026, 1:05 pm

ഒന്നുറപ്പാണ്, ഇങ്ങനെയൊരു വിടവാങ്ങലല്ല വിജയ് അര്‍ഹിക്കുന്നത്; ഇനി കോടതി തീരുമാനിക്കട്ടെ: നിര്‍മാതാക്കള്‍

ഐറിന്‍ മരിയ ആന്റണി

സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ട് വിജയ് ചിത്രം ജന നായകന്റെ റിലീസ് തിയതി മാറ്റിയിരുന്നു. ഇന്നലെ രാവിലെ പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയുകയായിരുന്നു.

ഇതോടെ ചിത്രം ഉടനെ തിയേറ്ററുകളിലെത്തില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ ഔദ്യോഗികമായി സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിയതായി അറിയിച്ചു. നിര്‍മാതാവ് പങ്കുവെച്ച ഈ വീഡിയോ സമൂഹമാധ്യങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചായാകുന്നുണ്ട്.

തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം സിനിമയുടെ പ്രദര്‍ശനം നീട്ടി വെക്കേണ്ടി വന്നുവെന്നാണ് നിര്‍മാതാവ് വെങ്കട്ട് കെ. നാരായണന്‍ പറഞ്ഞത്.

‘ഞങ്ങള്‍ പ്ലാന്‍ ചെയ്ത റിലീസിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, 2026 ജനുവരി 5 ന്, ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് റഫര്‍ ചെയ്തതായി ഞങ്ങളെ അറിയിച്ചു, സമയം അതിക്രമിച്ചു വരികയാണെന്നും ആരാണ് പരാതി നല്‍കിയതെന്ന് പോലും അവര്‍ക്കറിയില്ലായിരുന്നു.
പരാതിക്കാരന്‍ ആരാണെന്ന് അറിയാതെ ഞങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചു.

അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ഒരു പ്രോസസായിരുന്ന അത്. പതിറ്റാണ്ടുകളായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വിജയ്ക്ക് ലഭിച്ച ഒരു വിടവാങ്ങല്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. നീതി ന്യായ വകുപ്പിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. കോടതിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കും,’ വെങ്കട്ട് കെ.നാരായണന്‍ പറഞ്ഞു.

2025 ഡിസംബര്‍ 19 ന് ബോര്‍ഡ് ചിത്രം കണ്ടിട്ടും, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ (സി.ബി.എഫ്.സി) നിന്ന് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് മാറ്റിവയ്ക്കലിന് കാരണമായത്.

ഇന്നലെ (ജനുവരി 9) റിലീസാകേണ്ട ചിത്രം വൈകിയത് ആരാധകരെയും നിരാശരാക്കി. ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ എക്‌സിലും മറ്റ് മീഡിയകളിലുമായി റിലീസ് മാറ്റിയതിന്റെ നിരാശ അവര്‍ പങ്കുവെച്ചു. വിജയ്‌യില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും പ്രതികരണം ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തി.

വിജയ് ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കും ജന നായകന്‍. എച്ച്.വിനോദിന്റെ സംവിധാനത്തില്‍ വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ് ലൈനോടെയാണ് സിനിമ റിലീസിനെത്തുന്നത്. അതേസമയം സംഭവത്തില്‍ ഇതുവരെ വിജയ്‌യില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Content Highlight: Producers react to Jana Nayakan  release crisis

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more