| Thursday, 21st August 2025, 2:02 pm

ഇന്‍കം ടാക്‌സ് പറ്റിച്ചാശാനേ, ലിയോയുടെ കളക്ഷന്‍ നിര്‍മാതാക്കള്‍ പെരുപ്പിച്ച് കാണിച്ചത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴകം കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലിയോ. വിക്രം എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് വിജയ്‌യെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിച്ചു. ചിത്രം എല്‍.സി.യു ആണോ അല്ലയോ എന്ന ചര്‍ച്ചകള്‍ സിനിമാലോകത്ത് കൊടുമ്പിരി കൊണ്ടിരുന്നു.

റിലീസ് ചെയ്ത ഇടങ്ങളിലെല്ലാം വന്‍ വരവേല്പായിരുന്നു ലിയോയ്ക്ക് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 200 കോടി സ്വന്തമാക്കിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കിയാണ് കളംവിട്ടത്. വിജയ്‌യെ ഇതുവരെ കാണാത്ത തരത്തില്‍ അവതരിപ്പിക്കാന്‍ ലിയോയിലൂടെ ലോകേഷിന് സാധിച്ചു. എന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.

650 കോടി ചിത്രം സ്വന്തമാക്കിയെന്നാണ് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചത്. എന്നാല്‍ ഇന്‍കം ടാക്‌സിന് സമര്‍പ്പിച്ച ഫയലില്‍ ചിത്രത്തിന്റെ കളക്ഷന്‍ കുറവാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. വിവരാവകാശനിയമ പ്രകാരം ഇന്‍കം ടാക്‌സിന് നല്‍കിയ അപേക്ഷക്ക് മറുപടിയായാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

404 കോടിയാണ് ചിത്രത്തിന്റെ കളക്ഷനെന്ന് ഇന്‍കം ടാക്‌സിന് സമര്‍പ്പിച്ച ഫയലില്‍ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചത്. 240 കോടിയുടെ കുറവാണ് പുറത്തുവിട്ട കളക്ഷനും ഫയലിലെ കളക്ഷനും തമ്മിലുണ്ടായിട്ടുള്ള വ്യത്യാസം. ഇതോടെ ബോക്‌സ് ഓഫീസ് സ്‌കാം നടത്തിയ ചിത്രമാണ് ലിയോയെന്ന് പല ബോക്‌സ് ഓഫീസ് അനലിസ്റ്റുകളും ആരോപിക്കുന്നത്.

എന്നാല്‍ ഇത് ആദ്യമായല്ല വിജയ് ചിത്രത്തിന്റെ കളക്ഷന്‍ വ്യാജമാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. വിജയ്‌യെ നായകനാക്കി വംശി പൈദിപ്പള്ളി സംവിധാനം ചെയ്ത വാരിസ് 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്ന് പോസ്റ്ററുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം അത്രയൊന്നും നേടിയില്ലെന്ന് നിര്‍മാതാവ് ദില്‍ രാജു ഇന്‍കം ടാക്‌സിനോട് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

സിനിമാജീവിതത്തിന് ഇടവേള നല്‍കി മുഴുവന്‍ സമയ രാഷ്ട്രീപ്രവര്‍ത്തനത്തിനായി ഇറങ്ങുകയാണ് വിജയ്. അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ലക്ഷ്യം. രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് വിജയ് നായകനാകുന്ന ജന നായകന്‍ അടുത്ത വര്‍ഷം പൊങ്കലിന് തിയേറ്ററുകളിലെത്തും.

Content Highlight: Producers confirms that Collection of Leo Movie was fake

We use cookies to give you the best possible experience. Learn more